Saturday, 27 July - 2024

റിയാദിലും ജിദ്ദയിലും കൂടുതൽ ഫൈസർ വാക്സിൻ കേന്ദ്രങ്ങൾ; കേന്ദ്രങ്ങൾ അറിയാം

റിയാദ്: കൂടുതൽ ആളുകളിലേക്ക് വാക്‌സിൻ എത്തിക്കുന്നതിന്റെ ഭാഗമായി റിയാദിലും ജിദ്ദയിലും കൂടുതൽ ഫൈസർ വാക്‌സിൻ കേന്ദ്രങ്ങൾ അനുവദിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് വിവിധയിടങ്ങളിൽ വാക്‌സിൻ അപ്പോയ്ന്റ്മെന്റുകൾ ലഭ്യമാകുന്നില്ലെന്ന പരാതിക്കിടെയാണ് മന്ത്രാലയം കൂടുതൽ ഫൈസർ വാക്സിൻ കേന്ദ്രങ്ങൾ അനുവദിച്ചത്. ചിലയിടങ്ങളിൽ രജിസ്റ്റർ ചെയ്യാതെ തന്നെ നേരിട്ട് എത്തിയാൽ വാക്‌സിൻ നൽകുകയും തവക്കൽനയിൽ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്.

ഇതേ തുടർന്ന കൂടുതൽ ആളുകൾ എത്തിയതിനാൽ പിന്നീട് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയ കേന്ദ്രങ്ങളും ഉണ്ട്. രാജ്യത്താകമാനം 587 വാക്‌സിൻ കേന്ദ്രങ്ങൾ സജ്ജീകരിച്ചതായും 75 വയസ്സ് കഴിഞ്ഞ സ്വദേശികൾക്കും വിദേശികൾക്കും രജിസ്റ്റർ ചെയ്യാതെ തന്നെ കേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്‌സിൻ സ്വീകരിക്കാമെന്നും മന്ത്രാലയം അറിയിച്ചു. സ്വിഹതി ആപ്ലിക്കേഷൻ വഴിയാണ് രജിസ്‌ട്രേഷൻ നടത്തേണ്ടതെന്നും രാജ്യത്ത് നൽകുന്ന വാക്‌സിനുകൾ സുരക്ഷിതവും ഏറെ ഗുണകരവുമാണെന്നും മന്ത്രാലയം പറഞ്ഞു.

റിയാദിലെ ഫൈസർ വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ ഇവയാണ്: ഹിൽട്ടൺ ഹോട്ടൽ, ക്രൗൺ പ്ലാസ ഹോട്ടൽ, റിയാദ് ഷോറൂം, ദിരിയ ഹോസ്‌പിറ്റൽ, ഗൾഫ് ഹെൽത്ത് സെന്റർ, അൽ നദ്‌വ ഹെൽത്ത് സെന്റർ, അൽ ജസീറ ഹെൽത്ത് സെന്റർ, കിംഗ് സഊദ് യൂണിവേഴ്‌സിറ്റി, അൽ ഇമാം യൂണിവേഴ്‌സിറ്റി, മുവാസാത് ഹോസ്‌പിറ്റൽ, അൽ ഹബീബ് ഹോസ്‌പിറ്റൽ, അൽ മൈസാഫ് ഹെൽത്ത് സെന്റർ, മൻസൂറ ഹെൽത്ത് സെന്റർ, സുൽബൂഖ് സെക്യൂരിറ്റി ഫോഴ്‌സ് ഹോസ്‌പിറ്റൽ, അഹ്മദിയാ പ്രിൻസ് സുൽത്താൻ ഹെൽത്ത് സെന്റർ, നാഷണൽ ഗാർഡ് കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി.

ജിദ്ദയിൽ ഫൈസർ വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ ഇവയാണ്: മെറ്റെർനിറ്റി ആൻഡ് ചിൽഡ്രൻസ് ഹോസ്‌പിറ്റൽ, ജിദ്ദ ഫീൽഡ് ഹോസ്‌പിറ്റൽ, കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റൽ, നാഷണൽ ഗാർഡ് മന്ത്രാലയ കൊവിഡ് വാക്‌സിൻ കേന്ദ്രം, കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് സൗത്ത് ടെർമിനൽ, ഇന്റർനാഷണൽ മെഡിക്കൽ സെന്റർ.

 

Most Popular

error: