ദുബൈ: ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയിലേക്ക് പ്രവേശന വിലക്കുമായി കൂടുതൽ രാജ്യങ്ങൾ വരുമെന്ന ആശങ്കയിൽ പ്രവാസികൾ യാത്ര നീട്ടി വെക്കുന്നു. ബ്രിട്ടൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതിനു പിന്നാലെ കൂടുതൽ രാജ്യങ്ങൾ ഇതേ പാത സ്വീകരിക്കുന്നതോടെ ഇന്ത്യ പൂർണ്ണ യാത്ര വിലക്കിൽ ഉൾപ്പെട്ടേക്കുമെന്നാണ് സൂചനകൾ. ബ്രിട്ടൻ ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനു പിന്നാലെ ‘ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കുക’ യെന്ന യു.എസ് ഹെല്‍ത്ത് ഏജന്‍സി മുന്നറിയിപ്പും ലെവല്‍-4 പട്ടികയില്‍ ഇന്ത്യയെ ഉള്‍പെടുത്തിയതും കൂടുതൽ യാത്രാ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നതിന്റെ സൂചനയാണ്. ദുബൈയിലേക്കുള്ള യാത്രക്കായുള്ള നിബന്ധനകൾ കർശനമാക്കിയതും ഇതിന്റെ ഭാഗമാണ്.
ഇന്ത്യയുമായുള്ള യാത്രാ വിലക്ക് നടപടികളിലേക്ക് കൂടുതൽ രാജ്യങ്ങൾ എത്തുന്നുവെന്ന റിപ്പോർട്ട് ഏറെ ആശങ്കയിലാഴ്ത്തുന്നത് ഗൾഫ് പ്രവാസികളെയാണ്. പെരുന്നാളും മറ്റും കണക്കിലെടുത്തും ഏറെക്കാലമായി അനുഭവിക്കുന്ന യാത്രാ ദുരിതം ഇനിയും സഹിച്ചു നിൽക്കുന്നതിൽ അർത്ഥമില്ലെന്നും മനസ്സിലാക്കി നാട്ടിലേക്ക് പോകാനായി തയ്യാറെടുത്തവരും ഇപ്പോൾ കടുത്ത മാനസിക പ്രയാസത്തിലാണ്. വീണ്ടും ഒരു രാജ്യന്തര യാത്രാ നിരോധനങ്ങൾ വന്നാൽ ജോലിയെയും ജീവിതത്തെയും ബാധിക്കുമെന്ന കണക്ക് കൂട്ടലിലാണ് പലരും. അതിനാൽ തന്നെ, പലരും യാത്ര ഒഴിവാക്കുകയോ നീട്ടുകയോ ചെയ്യുകയാണ്. നാട്ടിലേക്ക് എങ്ങനെയെങ്കിലും ഏത്താമെങ്കിലും തിരിച്ചുള്ള വരവിലാണ് ഏവർക്കും സംശയം. ഇന്ത്യയിലേക്ക് ഇപ്പോള്‍ പോയാല്‍ തിരിച്ചുവരവ് തടസ്സപ്പെടുമോ എന്ന ആശങ്ക കാരണം എല്ലാ ജി.സി.സി രാജ്യങ്ങളിലും പ്രവാസികള്‍ യാത്ര മാറ്റിവെക്കുകയാണ്.
യാത്രാ ദുരിതവും മാനസിക സംഘർഷവും ഏറെ അനുഭവിക്കുന്നത് സഊദി പ്രവാസികളാണ്. സഊദിയും ഇന്ത്യയും തമ്മില്‍ പരിമിത സര്‍വീസുകള്‍ക്കായുള്ള എയര്‍ ബബിള്‍ കരാര്‍ പോലും നിലവിലില്ല. ഇന്ത്യയില്‍നിന്ന് വരുന്നവര്‍ക്ക് സഊദിയില്‍ നേരിട്ടുള്ള പ്രവേശന വിലക്കുള്ളതിനാൽ ഉയർന്ന പണം നൽകി ഏറെ ദുരിതം സഹിച്ച് മറ്റു രാജ്യങ്ങളിൽ 14 ദിവസങ്ങൾ കഴിഞ്ഞാണ് സഊദിയിലെത്തുന്നത്. എന്നാൽ, ഏറ്റവും ഒടുവിൽ സഊദി അറേബ്യ അടുത്ത മാസം 17 ന് അന്താരാഷ്ട്ര സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള ഒരുക്കമെന്ന് അറിയിച്ചപ്പോഴും ഇന്ത്യയിലേക്കും ഉണ്ടായേക്കുമെന്നായിരുന്നു ആദ്യ ഘട്ടത്തിൽ കരുതിയിരുന്നത്.
എന്നാൽ, ഇന്ത്യയിലെ നിലവിലെ സാഹചര്യത്തിൽ സര്‍വീസിന്റെ കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകാനുള്ള സാധ്യത കുറയുകയാണെന്ന് ട്രാവല്‍ വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യയിലെ സാഹചര്യങ്ങളും സഊദി യാത്രാ വിവരങ്ങളും സസൂക്ഷ്മമം നിരീക്ഷിച്ച് ആശ്വാസ വാർത്തകൾക്കായി കാത്തിരിക്കുകയാണ് പ്രവാസി സമൂഹം.
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകൂ 👇