Saturday, 27 July - 2024

ദുബൈയിലേക്ക് 48 മണിക്കൂറിനുള്ളിലെ പി.സി.ആർ ഫലം നിർബന്ധം; ഫലത്തിൽ QR കോഡ് നിർബന്ധം

ദുബൈ: ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് 48 മണിക്കൂറിനുള്ളിലെ പി.സി.ആർ പരിശോധന ഫലം നിർബന്ധമാക്കി. ഏപ്രിൽ 22 മുതലുള്ള യാത്രക്കാരാണ് പുതിയ നിബന്ധനകൾ പാലിക്കേണ്ടി വരിക. പരിശോധന ഫലത്തിൽ ക്യൂ.ആർ കോഡും നിർബന്ധമാണ്. നിലവിൽ ദുബൈയിലേക്ക് യാത്ര ചെയ്യാൻ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധന ഫലമാണ് വേണ്ടിയിരുന്നത്. എന്നാൽ, ഏപ്രിൽ 22 മുതൽ 48 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റിവ് പി.സി.ആർ പരിശോധന റിപ്പോർട്ട് ആണ് വേണ്ടത്. പരിശോധനക്കായി സാമ്പിൾ ശേഖരിച്ച സമയമാണ് ഇതിന് കണക്കാക്കേണ്ടത്. ഫലം വന്നതിന് ശേഷമുള്ള സമയമല്ലെന്ന് വിമാനകമ്പനികൾ വ്യക്തമാക്കുന്നു.

പരിശോധനാ ഫലത്തിൽ ക്യൂ.ആർ കോഡിന് പുറമേ ഇംഗ്ലീഷിലോ അറബിയിലോ ഫലം നെഗറ്റീവ് ആണെന്ന് രേഖപ്പെടുത്തിയിരിക്കുകയും ടെസ്​റ്റ്​ ചെയ്​ത തിയതിയും സമയവും റിപ്പോർട്ടിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കയും വേണം. ദുബൈ വിമാനത്താവളത്തിൽ എത്തിയ ശേഷം ഹെൽത്ത് അതോറിറ്റി അധികൃതർ ക്യൂ.ആർ കോഡ് സ്കാൻ ചെയ്താൽ ഒറിജിനൽ പരിശോധനഫലം ലഭ്യമാകുന്ന വിധമായിരിക്കണം ക്യൂ.ആർ കോഡ്. യാത്രപുറപ്പെടുന്ന സ്ഥലത്തെ അംഗീകൃത ലാബുകളിൽ നിന്നാണ് പി.സി.ആർ പരിശോധന നടത്തേണ്ടതെന്നും പുതിയ നിബന്ധനയിൽ വ്യക്തമാക്കുന്നുണ്ട്. എയർഇന്ത്യ എക്സ്പ്രസ്, ഫ്ലൈ ദുബൈ തുടങ്ങിയ വിമാനകമ്പനികൾ പുതിയ നിബന്ധനകൾ 22 മുതൽ നടപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Most Popular

error: