Saturday, 27 July - 2024

വൃതാനുഷ്ഠാനം ജീവിത വിശുദ്ധിക്ക് കാരണമാകണം: ഷാഹിദ് മുസ്‌ലിം ഫാറൂഖി

ജിദ്ദ: റയ്യാൻ കവാടം വഴി സ്വർഗ പ്രവേശനം ലഭിക്കാൻ വിശുദ്ധ റമദാനിനെ പൂർണ്ണമായും ഉപയോഗപ്പെടുത്തണമെന്ന് എം എസ് എം സംസ്ഥാന പ്രസിഡന്റ്‌ ഷാഹിദ് മുസ്‌ലിം ഫാറൂഖി ഉദ്ബോധിപ്പിച്ചു. റമദാനിനെ വേണ്ട രൂപത്തിൽ ഉപയോഗപ്പെടുത്തിയില്ലെങ്കിൽ പാരത്രിക ജീവിതത്തിൽ വമ്പിച്ച നഷ്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച ‘ആത്മ സംസ്കരണത്തിന്റെ റമദാൻ ‘ എന്ന ഓൺലൈൻ പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എല്ലാവിധ സുഖ സൗകര്യങ്ങളും ഉള്ള സ്വർഗം വേണോ അസഹനീയമായ കൊടും ചൂടുള്ള നരകം വേണോ എന്ന് ഓരോരുത്തരും ആലോചിച്ചു തീരുമാനിച്ചു പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് തന്റെ ജീവിതത്തിലെ അവസാനത്തെ റമദാൻ ആണെന്ന് കരുതി സൽകർമ്മങ്ങൾ അധികരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സഛരിതരായ മുൻഗാമികൾ കഷ്ടപ്പെട്ട് നേടിയെടുത്ത സ്വർഗം , റമദാൻ മാസത്തെ സൽകർമങ്ങൾ കൊണ്ട് നേടിയെടുക്കാൻ കഴിയുന്നത് അല്ലാഹു മുഹമ്മദ്‌ നബിയുടെ സമുദായത്തിന് നൽകിയ പ്രത്യേക ഓഫർ ആണെന്നും അദ്ദേഹം വിശദീകരിച്ചു.

മറ്റുള്ളവരുടെ മനസിനെ വേദനിപ്പിക്കുന്ന വാക്കോ പ്രവർത്തിയോ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ജീവിതത്തിൽ വന്നു പോയ തെറ്റുകൾ ഏറ്റു പറഞ്ഞു പശ്ചാതപിച്ചാൽ കാരുണ്യവാനായ നാഥൻ പൊറുത്തു തരുമെന്നും അദ്ദേഹം പറഞ്ഞു. സംസാരത്തിൽ കളവ്, പരദൂഷണം തുടങ്ങിയ കാര്യങ്ങൾ നോമ്പിന്റെ സാധുതയെ ബാധിക്കുമെന്നും അദ്ദേഹമുണർത്തി.

പരിപാടിയിൽ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ്‌ അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ശിഹാബ് സലഫി എടക്കര സ്വാഗതവും അസീസ് സ്വലാഹി നന്ദിയും പറഞ്ഞു.

Most Popular

error: