റിയാദ്: സഊദിയിലെ അന്താരാഷ്ട്ര വിമാന സർവ്വീസ് വിലക്ക് നിലവിൽ നീട്ടിയിട്ടില്ലെന്നും നേരത്തെ പ്രഖ്യാപിച്ചത് പോലെ ശവ്വാൽ അഞ്ചിന് തന്നെയായിരിക്കുമെന്നും സഊദി കൊവിഡ് പ്രതിരോധ സമിതി സിക്രട്ടറി. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടായേക്കുമെന്നും വിവിധ ഘടകങ്ങൾ ആശ്രയിച്ചായിരിക്കും അന്തിമ തീരുമാനം കൈകൊള്ളുകയെന്നും സഊദി കൊവിഡ് പ്രതിരോധ സമിതി സിക്രട്ടറി ഡോ: തലാൽ അൽ തുവൈജിരി വ്യക്തമാക്കി. റൊട്ടാനാ ഖലീജിയ ചാനലിലെ അൽ ലിവാൻ പ്രോഗ്രാമിൽ പങ്കെടുത്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.
അന്തർദേശീയ ഫ്ലൈറ്റുകൾ പുനഃരാരംഭിക്കാനുള്ള തീരുമാനം നിരവധി പരിഗണനകൾ കണക്കിലെടുത്തായിരിക്കും. തീരുമാനത്തിന് വ്യത്യസ്ത മാനങ്ങളും വഴികളുമുണ്ടെന്നതിനാൽ എല്ലാ ഭാഗത്തുനിന്നും ഇക്കാര്യം ബന്ധപ്പെട്ട വകുപ്പുകൾ പഠിച്ചു കൊണ്ടിരിക്കുകയാണ്. മെയ് 17 ന് മുമ്പായി തന്നെ എല്ലാ വിശദാംശങ്ങളും പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, വിവിധ രാജ്യങ്ങളിൽ തുടർച്ചയായി വൈറസ് പടരുന്നതിന്റെ വെളിച്ചത്തിൽ അടിയന്തിര ആവശ്യമല്ലാതെ യാത്ര ചെയ്യരുതെന്നും അദ്ദേഹം നിർദേശിച്ചു. യാത്രയ്ക്ക് മുമ്പ് പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധമാക്കുന്നതിനെ കുറിച്ചും അദ്ദേഹം വിവരിച്ചു. യാത്രകൾക്കായി അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുന്നതിനുമുമ്പ് ഇക്കാര്യത്തിൽ തീരുമാനം കൈകൊള്ളും. ഇക്കാര്യം ഇപ്പോഴും പഠന വിധേയമാക്കി കൊണ്ടിരിക്കുകയാണ്. ഈ വിഷയം സഊദിയുമായി മാത്രം ബന്ധപ്പെട്ടതല്ലെന്നും മറ്റ് രാജ്യങ്ങൾക്കും ആവശ്യകതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾ ഉടൻ കിട്ടുവാനായി ഗ്രൂപ്പിൽ അംഗമാകാം 👇