Saturday, 27 July - 2024

രൂപയുടെ മൂല്യമിടിഞ്ഞു; നാട്ടിലേക്ക് പണമൊഴുക്കാൻ പ്രവാസികൾ

അബുദാബി: രൂപയുടെ മൂല്യമിടിഞ്ഞതോടെ നാട്ടിലേക്ക് പണം അയക്കാനുള്ള വ്യഗ്രതയിൽ പ്രവാസികൾ. ഗൾഫ് കറൻസികൾക്കെതിരെ രൂപ ഇടിഞ്ഞപ്പോൾ ഇത് പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് പ്രവാസികൾ. പെരുന്നാൾ ആഘോഷത്തിനായി നാട്ടിലേക്ക് പനമയക്കുന്നവരും അവസരം മുതലെടുക്കുന്നുണ്ട്. റമദാനും വിഷുവും ഒരുമിച്ചെത്തിയതും നാട്ടിലേക്കുള്ള പണമൊഴുക്ക് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഉയര്‍ന്ന നിരക്ക് ലഭ്യമായതോടെ മിക്ക ധനവിനിമയ സ്ഥാപനങ്ങളിലും നാട്ടിലേക്ക് പണമയയ്ക്കുന്നതിനായി പ്രവാസികളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

നാട്ടിലേക്ക് പണം അയക്കുന്നത് വര്‍ധിച്ചതായി പണമിടപാട് സ്ഥാപനങ്ങളും വ്യക്തമാക്കി. യുഎയിൽ ഒരു ദിര്‍ഹത്തിന് 20 രൂപ 46 പൈസയായിരുന്നു കഴിഞ്ഞ ദിവസം പകല്‍ രേഖപ്പെടുത്തിയ ഏറ്റവും മികച്ച വിനിമയ നിരക്ക്. കൊവിഡ് പ്രതിസന്ധിയോടെ ഏതാനും മാസങ്ങളായി യു എ ഇ ദിര്‍ഹത്തിന് വിനിമയ നിരക്ക് 20 രൂപയില്‍ താഴെയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ മികച്ച നിരക്ക് ലഭിച്ചത് പ്രവാസികള്‍ക്ക് നേട്ടമാകുന്നത്.

പ്രധാന ഓൺലൈൻ പണമിടപാട് സൈറ്റ് വഴി സഊദി റിയാലിന് 19.83 രൂപയാണ് ഇന്നത്തെ മൂല്യം. ഏപ്രിൽ 13 ന് ഇത് 20.04 വരെ ഉയർന്നിരുന്നു. ബഹ്‌റൈൻ ദിനാറിന് 197.28 രൂപയാണ് ഇന്നത്തെ വില. ഏപ്രിൽ 13 ന് ഇത് 199.45 വരെ ഉയർന്നിരുന്നു. ഒമാനി റിയാൽ 193.17 രൂപയാണ് ഇന്ന്. ഏപ്രിൽ 13 ന് 195.28 രൂപ വരെയായിരുന്നു. ഖത്തർ റിയാൽ 20.43 രൂപയാണ് ഇന്ന്. ഏപ്രിൽ 13 ന് ഇത് 20.65 വരെ ഉയർന്നിരുന്നു. കുവൈത് ദിനാറിന് 246.74 രൂപയാണ് ഇന്നത്തെ വില. 249.21 വരെയായി ഇത് ഉയർന്നിരുന്നു. സഊദി റിയാൽ ഈ വർഷം ജൂലൈയോടെ 21.12 രൂപ വരെയായി ഉയർന്നേക്കുമെന്നാണ് കണക്കുകൾ.

രാജ്യാന്തര വിപണയില്‍ അസംസ്‌കൃത എണ്ണവിലയില്‍ വര്‍ധനവുണ്ടായതും ഡോളര്‍ കരുത്താര്‍ജ്ജിച്ചതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഭൂരിഭാഗം പേരും വീട്ടുചെലവുകള്‍ക്ക് വേണ്ടിയാണ് നാട്ടിലേക്ക് പണമയച്ചതെങ്കില്‍ ചെറിയൊരു വിഭാഗം ആളുകള്‍ നിക്ഷേപം മുന്‍നിര്‍ത്തി പണമയച്ചവരാണ്.

Most Popular

error: