Saturday, 27 July - 2024

സി. എച്ച് സെന്ററുകൾക്ക് മേൽ ജിദ്ദ കെഎംസിസിയുടെ കയ്യൊപ്പ്

ജിദ്ദ: പാവപ്പെട്ടവരും നിരാലംബരുമായ രോഗികൾക്ക് അത്താണിയായി കേരളത്തിലങ്ങോളം തലയുയർത്തി നിൽക്കുന്ന സി. എച്ച് സെന്ററുകൾ ജിദ്ദയിലെ കെഎംസിസി പ്രവർത്തകർക്ക് അഭിമാനത്തിന് വക നൽകുന്നു. ജാതി – മത ഭേദമന്യേ പാവപ്പെട്ട രോഗികളുടെ അത്താണിയായ ഇവയുടെ നിർമ്മാണത്തിനും പ്രവർത്തനത്തിനും വര്ഷങ്ങളായി ഫണ്ട്‌ നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചു പോരുന്നത് ജിദ്ദ കെഎംസിസിയാണ്.

മഞ്ചേരി മെഡിക്കൽ കോളേജ് സി എച്ച് സെന്ററിന് സ്ഥലം വാങ്ങാനും കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോർ ( അബ്ദു ഹാജി സ്മാരകം) നിർമാണത്തിനുമുള്ള ഫണ്ട്‌,  തലസ്ഥാന നഗരിയായ തിരുവനന്തപുരം സി. എച്ച് സെന്ററിന്റെ ഗ്രൗണ്ട് ഫ്ലോർ നിർമ്മാണം,  നിർമാണം നടന്നു കൊണ്ടിരിക്കുന്ന ആലപ്പുഴ സിഎച്ച് സെന്ററിന്റെ മൂന്നു നില കെട്ടിടം എന്നിവയെല്ലാം ജിദ്ദ കെഎംസിസി വകയാണ്.  പ്രശസ്തമായ കോഴിക്കോട് സി എച്ച് സെന്ററിന്റെ ഈയിടെ ഉത്ഘാടനം ചെയ്ത ഡോർമെറ്ററി നിർമ്മാണത്തിൽ മുഖ്യ പങ്ക് വഹിച്ചതും ജിദ്ദ കെഎംസിസിയാണ്. ഇതിനെല്ലാം പുറമെ  കാസർഗോഡ്, തളിപ്പറമ്പ്,  വയനാട്, കോഴിക്കോട്, മലപ്പുറം, മഞ്ചേരി, നിലമ്പൂർ, മങ്കട, തിരൂർ, കൊണ്ടോട്ടി, മണ്ണാർക്കാട്, ആലപ്പുഴ, എറണാകുളം തുടങ്ങിയ സി. എച്ച് സെന്ററുകൾക്ക് എല്ലാ വർഷവും സഹായം നൽകി വരുന്നുണ്ട് എന്നതും ഏറെ ശ്രദ്ധേയമാണ്.

ഓരോ സി. എച്ച് സെന്ററിന്റെയും ഓരോ പ്രൊജക്റ്റ്‌ ഏറ്റെടുത്ത് പൂർത്തീകരിച്ചു കൊടുക്കുക എന്നതാണ് ജിദ്ദ കെഎംസിസിയുടെ രീതി. ഇങ്ങനെ വിവിധ സി. എച്ച് സെന്ററുകൾക്കായി ഇതിനകം പത്ത് കോടിയിലധികം രൂപ നൽകിയതായി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര പറഞ്ഞു. ഇത്രയും വലിയ തുക ജിദ്ദയിലെ സാധാരണക്കാരായ കെഎംസിസി മെമ്പർമാരുടെ വകയാണെന്നത് പ്രത്യേകം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

ഓരോ വർഷവും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി റമദാൻ കാമ്പയിനിന്റെ ഭാഗമായിട്ടാണ് നാട്ടിൽ കഷ്ടപ്പെടുന്ന രോഗികളെ സഹായിക്കുന്ന സി. എച്ച് സെന്ററുകൾക്കും അത് പോലെ കഷ്ടപ്പെടുന്ന പ്രവാസികളെ സഹായിക്കാൻ വേണ്ടി കെഎംസിസി സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള ശിഹാബ്  തങ്ങൾ റിലീഫ്‌   സെല്ലിലേക്കും ഫണ്ട്‌ ‌ സ്വരൂപിക്കുന്നത്. കെഎംസിസി സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ എഴുപത്തിലധികം ഏരിയ കമ്മിറ്റികൾ ഉണ്ട്. ഈ ഏരിയ കെഎംസിസി കമ്മിറ്റികൾ അതാതു പ്രദേശങ്ങളിലെ കെഎംസിസി മെമ്പർമാരിൽ നിന്നും മറ്റു ഉദാരമതികളിൽ  നിന്നും സംഭാവന സ്വീകരിക്കാറുണ്ട്. ഇങ്ങനെ കിട്ടുന്ന തുകയാണ് കേരളത്തിലെ വിവിധ സി. എച്ച് സെന്ററുകൾക്ക് വീതിച്ചു നൽകുന്നത്.

സി. എച്ച്  സെന്റർ, ശിഹാബ് തങ്ങൾ റിലീഫ് സെൽ എന്നിവക്കുള്ള ഈ വർഷത്തെ ധന സമാഹരണം ഇപ്പോൾ നടന്നു വരികയാണ്. പുണ്യ പ്രവർത്തനങ്ങൾക്ക് പതിന്മടങ് പ്രതിഫലം ലഭിക്കുന്ന വിശുദ്ധ റമദാനിൽ ജിദ്ദ കെഎംസിസി നടത്തുന്ന കാമ്പയിനിൽ പരമാവധി സംഭാവന നൽകി വിജയിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര അഭ്യർത്ഥിച്ചു.

Most Popular

error: