Thursday, 10 October - 2024

ഇൻഡസ്ട്രിയൽ മേഖലയിൽ സഊദി വത്കരണം ശക്തമാക്കാൻ മന്ത്രാലയങ്ങൾ പദ്ധതി പ്രഖ്യാപിച്ചു, വിദേശികൾക്ക് തിരിച്ചടിയാകും

റിയാദ്: ഇൻഡസ്ട്രിയൽ മേഖലയിൽ സഊദി വത്കരണം ശക്തമാക്കാൻ പദ്ധതികളുമായി മന്ത്രാലയങ്ങൾ. തൊഴിൽ സാമൂഹിക വികസന മന്ത്രാലയവും ഇൻഡസ്ട്രിയൽ മിനറൽ റിസോഴ്സസ് മന്ത്രാലയവും സംയുക്തമായാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നതായി പ്രഖ്യാപിച്ചത്. വേതന സബ്സിഡി പ്രോഗ്രാം പ്രഖ്യാപിച്ചതിലൂടെ സഊദി വത്കരണം ശക്തമാക്കാൻ സാധിക്കുമെന്നാണ് മന്ത്രാലയങ്ങൾ കരുതുന്നത്. വ്യാവസായിക മേഖലയിൽ ജോലി ചെയുന്ന വിദേശികൾക്ക് ഇത് കനത്ത തിരിച്ചടിയുമായിരിക്കും.

ഈ പദ്ധതിയിൽ പങ്കെടുക്കുന്ന കമ്പനികൾക്ക് ഫാക്ടറികളിലെ ജോലികളിൽ സ്വദേശികളെ ഏറ്റെടുക്കുന്നതിനുള്ള സഹായങ്ങളാണ് നൽകുക. കൂടാതെ മാനവ വിഭവശേഷി വികസന ഫണ്ടായ “ഹദഫ്” ൽ നിന്നും സാങ്കേതിക, തൊഴിൽ പരിശീലന കോർപ്പറേഷന്റെയും പരിശീലനവും പിന്തുണയും നൽകുമെന്നും ഇരു മന്ത്രാലയങ്ങളും പുറത്തിറക്കിയ സംയുക്ത പ്രസ്താവാനയിൽ പറഞ്ഞു.

ഹദഫ്, സാങ്കേതിക, തൊഴിൽ പരിശീലന കേന്ദ്രം എന്നിവ നൽകുന്ന പരിശീലന പരിപാടികളിലൂടെ ആവശ്യമായ നൈപുണ്യത്തോടെ ജോലി തേടുന്ന സ്വദേശി യുവതീയുവാക്കൾക്ക് ജോലിയിൽ തുടർച്ച ഉറപ്പാക്കാനും അവരെ സജ്ജരാക്കാനും പദ്ധതി സഹായിക്കും. ഉൽ‌പാദനക്ഷമതയും ബിസിനസ്സ് നിലവാരവും ഉയർത്താൻ സഹായിക്കുമെന്നും മന്ത്രാലയങ്ങൾ കരുതുന്നു. ജോലികൾ ആകർഷിക്കുന്നതിനും സ്വദേശി വത്ക്കരണത്തിന്റെ തോത് ഉയർത്താനും ഫാക്ടറികളെ ഉത്തേജിപ്പിക്കുന്നതിനും പ്രോഗ്രാം വിവിധ മാർഗ്ഗങ്ങൾ ആവിഷ്കരിക്കുമെന്നും റിപ്പോർട്ടിലുണ്ട്.

Most Popular

error: