Thursday, 12 September - 2024

നേപ്പാൾ വഴി യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ ശ്രദ്ധിക്കുക, നേപ്പാളിൽ ഏത് സമയവും ലോക്‌ഡൗൺ പ്രഖ്യാപിച്ചേക്കാം

കാഠ്മണ്ഡു: കൊവിഡ് വൈറസ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ നേപ്പാളിൽ ഏത് സമയവും ലോക്‌ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് നേപ്പാൾ വഴി യാത്ര ഉദ്ദേശിക്കുന്നവർ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്. നേപ്പാളി പുതുവത്സരാഘോഷത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രധാന മന്ത്രി കെ പി ശർമ്മ ഒലി ഇത് സംബന്ധിച്ച് സൂചന നൽകിയത്. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയില്‍ നിന്ന് എന്‍ഒസി ലഭിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്ന വാർത്തകൾക്കിടെയാണ് പുതിയ റിപ്പോർട്ടുകൾ.

രാജ്യത്ത് രണ്ടാം തരംഗ അണുബാധകൾ വർദ്ധിക്കുന്നതിനാൽ കൊവിഡ് -19 പ്രോട്ടോക്കോളുകൾ പിന്തുടരണമെന്നും കെ പി ശർമ്മ ഒലി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇവ പിന്തുടരുകയാണെങ്കിൽ, ഞങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. ഉടൻ തന്നെ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സർക്കാർ പദ്ധതിയിടുന്നതായി ഒരു അഭ്യൂഹമുണ്ട്; ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സർക്കാരിന് താൽപ്പര്യമില്ല, പക്ഷേ മറ്റ് രാജ്യങ്ങളെ പിന്തുടരണം പ്രധാനമായും യൂറോപ്പിനെ, പ്രധാനമന്ത്രി പറഞ്ഞു.

ഇതോടെ, സഊദിയിലേക്ക് നേപ്പാൾ വഴിയുള്ള യാത്രയും അടഞ്ഞേക്കുമെന്നാണ് സൂചന. ലോക്ഡൗൺ പ്രഖ്യാപിച്ചാൽ യാത്ര ഏറെ ദുഷ്കരമാകുകയും ചെയ്യും. മാത്രമല്ല ലോക്‌ഡൗണിന്റെ ഭാഗമായി വിമാന സർവ്വീസുകളെയും ബാധിച്ചേക്കുമെന്നതിനാൽ നിലവിൽ നേപ്പാളിൽ ഉള്ളവരും നേപ്പാൾ വഴി യാത്ര ഉദ്ദേശിക്കുന്നവരും സദാ സമയവും ജാഗ്രത പാലിക്കേണ്ടത് നിർബന്ധമാണ്.

നിലവിൽ ദിനംപ്രതി 100 രോഗികള്‍ എന്ന നിലയ്ക്കാണ് നേപ്പാളിലെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. നിലവില്‍ 3,608 രോഗികളാണ് നേപ്പാളില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രാജ്യത്താകെ 2,80,984 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,058 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

Most Popular

error: