ജിദ്ദ: കൊവിഡ്-19 മഹാമാരി ഏല്‍പ്പിച്ച വിവരണാതീതമായ പ്രയാസങ്ങളുടെ ഏറ്റവും വലിയ ഇരകളായ കുടുംബിനികളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ യഥാവിധി മനസ്സിലാക്കി പരിഹാരം കാണാനും ആത്മവിശ്വാസം പകര്‍ന്നുനല്‍കി അവരെ ചേര്‍ത്തുനിര്‍ത്താനും കൂട്ടായ ശ്രമം അനിവാര്യമാണെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ഹംന മറിയം പറഞ്ഞു. “മഹാമാരിയുടെ മുറിവുണക്കാം” എന്ന വിഷയത്തില്‍ ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് (ജിജിഐ) ജിദ്ദ നാഷണല്‍ ഹോസ്പിറ്റ (ജെ.എന്‍.എച്ച്) ലുമായി ചേര്‍ന്ന് സംഘടിപ്പിച്ച ചര്‍ച്ചയില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഹംന മറിയം. മഹാമാരിയുടെ കാലത്ത് മാസങ്ങളോളം വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടുകയും വിശ്രമമമില്ലാതെ കഠിനമായി ജോലി ചെയ്യേണ്ടിവരികയും മക്കളുടെയും ജീവിതപങ്കാളിയുടെയും പ്രയാസങ്ങളും പരിഭവങ്ങളും സ്വയം പേറേണ്ടി വരികയും ചെയ്ത പ്രവാസി വീട്ടമ്മമാര്‍ നേരിടുന്ന കടുത്ത മാനസികപിരിമുറുക്കത്തില്‍നിന്ന് അവര്‍ക്ക് രക്ഷയേകേണ്ടതും ആശ്വാസം പകരേണ്ടതും സാമൂഹികബാധ്യതയായി മാറിയിരിക്കുകയാണെന്ന് ഇവർ ചുണ്ടിക്കാട്ടി. ജെ.എന്‍.എച്ച് മാനേജിംഗ് ഡയറക്ടര്‍ വി.പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജി.ജി.ഐ പ്രസിഡന്റ് ഡോ: ഇസ്മായില്‍ മരിതേരി അധ്യക്ഷത വഹിച്ചു.
പ്രശസ്ത ശിശുരോഗവിദഗ്ധനും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ ഡോ: എം.എസ് കരീമുദ്ദീന്‍ (ഇനിയെങ്ങനെ ക്രിയാത്മകജീവിതം തുടരാം), അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ: ജെംഷിത് അഹമ്മദ് (ആരോഗ്യപ്രവര്‍ത്തര്‍ മഹാമാരിയെ നേരിട്ടവിധം), മനോരോഗവിദഗ്ധൻ ഡോ: ഫ്രാന്‍സിസ് സേവ്യര്‍ (കൊവിഡ്-19 മായി ബന്ധപ്പെട്ട മാനസിക പ്രശ്‌നങ്ങള്‍), ഡോ: ഇന്ദു ചന്ദ്രശേഖരന്‍ (വാക്‌സിനുമായി ബന്ധപ്പെട്ട ആശങ്കകള്‍), ഡോ: ശമീര്‍ ചന്ദ്രോത്ത് (മഹാമാരി പോരാട്ടത്തിലെ പാഠങ്ങള്‍), ഡോ: വിനീതാ പിള്ള (സ്ത്രീകളുടെ മാനസികസംഘര്‍ഷം എങ്ങനെ ദുരീകരിക്കാം), ജെ.എന്‍.എച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ: മുഷ്‌ക്കാത്ത് മുഹമ്മദ് അലി (വിജയകരമായ പോരാട്ടത്തിന്റെ ബാക്കിപത്രം), ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ സ്റ്റുഡന്‍സ് കൗണ്‍സലര്‍ റംസീന മൗഷ്മി (കുട്ടികളുടെ മാനസികസംഘര്‍ഷം ഇല്ലായ്മ ചെയ്യാം) എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു. മഹാമാരി ഏല്‍പ്പിച്ച മാനസികാഘാതത്തില്‍ നിന്നും പ്രവാസികുടുംബങ്ങളെ കരകയറ്റുന്നതിന്റെ നാനാവഴികളെയും വെല്ലുവിളികളെയും പ്രതിവിധികളെയുംകുറിച്ച് പാനലിസ്റ്റുകള്‍ സമഗ്രവിശകലനം നടത്തി.
ജെ.എന്‍.എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇബ്രാഹിം ശംനാട് ഖിറാഅത്ത് നടത്തി. എച്ച്.ആന്റ് ഇ ലൈവ് ഡയറക്ടര്‍ നൗഷാദ് ചാത്തല്ലൂരിന് ഹംന മറിയം ഉപഹാരം സമ്മാനിച്ചു. അബ്ബാസ് ചെമ്പൻ, കബീര്‍ കൊണ്ടോട്ടി, ജലീല്‍ കണ്ണമംഗലം, അബ്ദുല്ലക്കുട്ടി ചെട്ടിപ്പടി, സാദിഖലി തുവ്വൂര്‍, നൗഫല്‍ പാലക്കോത്ത്, മന്‍സൂര്‍ വണ്ടൂര്‍, ഗഫൂര്‍ കൊണ്ടോട്ടി, മന്‍സൂര്‍ സി.ടി, ആലുങ്ങല്‍ ചെറിയ മുഹമ്മദ്, സുല്‍ഫിക്കര്‍ മാപ്പിളവീട്ടില്‍, റഹ്‌മത്ത് ആലുങ്ങല്‍, ഹബീറ മന്‍സൂര്‍, റഹ്‌മത്ത് നൗഫല്‍, നാസിറ സുല്‍ഫിക്കര്‍, ശബ്‌ന കബീര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറിഹസന്‍ ചെറൂപ്പ സ്വാഗതവും അഷ്‌റഫ് പട്ടത്തില്‍ നന്ദിയും പറഞ്ഞു.