മക്ക: വിശുദ്ധ റമദാനിൽ ഒരാൾക്ക് ഒരു ഉംറ നിർവഹിക്കാനുള്ള അനുവാദം മാത്രമേ നൽകുകയുള്ളൂവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കൂടുതൽ വിശ്വാസികൾക്ക് ഉംറ നിർവഹിക്കാനുള്ള അനുവാദം നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. കൊവിഡ് പശ്ചാത്തലത്തിൽ ശക്തമായ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളോടെ നടക്കുന്ന ഉംറ തീർത്ഥാടനത്തിനായി റമദാനിൽ വിശ്വാസികളുടെ ഒഴുക്ക് അനുഭവപ്പെടുമെന്നതിനാൽ പെർമിറ്റ് കരസ്ഥമാക്കിയവർക്ക് മാത്രമാണ് അനുവാദം നൽകുക. റമദാനിൽ ഒരാൾക്ക് ഒരു ഉംറ ചെയ്യാൻ മാത്രമാണ് അനുവാദം നൽകുന്നതെങ്കിലും മസ്ജിദുൽ ഹറാമിൽ പ്രാർത്ഥനക്കായി പല സമയത്തേക്കും പെർമിറ്റുകൾ അനുവദിക്കും.
ഉപവാസ മാസത്തിലുടനീളം ദിവസേന മക്കയിലെ ഹറം പള്ളിയിൽ അഞ്ച് നിർബന്ധിത പ്രാർത്ഥനകൾ നടത്തുന്നതിന് ആരാധകർക്ക് അനുമതി നേടാമെന്ന് മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. അതേസമയം, ഉംറ തീർത്ഥാടനത്തിനായി ലഭിച്ച പെർമിറ്റ് കാലാവധി കഴിയും മുമ്പ് മറ്റൊരു ഉംറക്കായി അപേക്ഷിക്കാൻ കഴിയില്ലെന്ന് ഉംറ ആപ്ലിക്കേഷനായ ഇഅതമർന അറിയിച്ചു. ഗ്രാൻഡ് പള്ളിയിൽ നിർബന്ധിത പ്രാർത്ഥന നിർവഹിക്കുന്നതിനുള്ള അനുമതികൾക്കും തീർഥാടകർക്ക് അപേക്ഷിക്കാമെന്നും വിശ്വാസികൾക്ക് ഒരേസമയം അഞ്ച് പ്രാർത്ഥനകൾക്ക് പെർമിറ്റ് നൽകുമെന്നും അറിയിച്ചു. എന്നാൽ, ഒരു ദിവസത്തിൽ കൂടുതൽ പെർമിറ്റുകൾ ലഭിക്കുന്നതിന് സാധ്യമല്ല. അടുത്ത ദിവസം വേണമെങ്കിൽ ആദ്യ ദിവസത്തെ പെർമിറ്റിന്റെ കാലാവധി അവസാനിച്ചതിന് ശേഷം രണ്ടാം ദിവസത്തേക്ക് പെർമിറ്റിനായി അപേക്ഷിക്കാം.
ഇശാ നിസ്‌കാരത്തിന് ലഭിക്കുന്ന പെർമിറ്റ് തന്നെയാണ് തറാവീഹ് നിസ്കാരത്തിനായും ഉപയോഗിക്കേണ്ടതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
അതേസമയം, റമദാൻ ആദ്യ ദിനത്തിൽ വിശുദ്ധ മക്കയിലെയും മദീനയിലെയും ഹറം പള്ളികളിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വിശ്വാസികൾ തറാവീഹ് നിസ്‌കാരത്തിൽ പങ്ക് കൊണ്ടു. വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് ഇരു ഹറമുകളിലേക്കും പ്രവേശനത്തിനായി പെർമിറ്റ് നൽകുന്നത്. പെർമിറ്റില്ലാത്തവർക്ക് കടുത്ത പിഴയും ഈടാക്കുമെന്ന് മുന്നറിയിപ്പുണ്ട്.