Saturday, 27 July - 2024

ഭക്തിയിൽ അലിഞ്ഞു ചേർന്ന് ഇരു ഹറമുകൾ, ആദ്യ ദിന തറാവീഹ് നിസ്‌കാരത്തിൽ പങ്കെടുത്ത നിർവൃതിയിൽ വിശ്വാസികൾ

മക്ക/മദീന: ശക്തമായ കൊവിഡ് പ്രതിസന്ധിക്കിടയിലും മക്കയിലെ മസ്‌ജിദുൽ ഹറാമിലും മദീനയിലെ മസ്‌ജിദുന്നബവിയിലും ആയിരങ്ങളാണ് ആദ്യ ദിനത്തിലെ തറാവീഹ് നിസ്‌കാരത്തിലും മറ്റു പ്രാർത്ഥനകളിലും പങ്കെടുത്തത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇരു ഹറം പള്ളികളിലും പത്ത് റക്അത്ത് വീതമാണ് തറാവീഹ് നിസ്‌കാരം നടന്നത്. ആദ്യ ദിന തറാവീഹ് നിസ്‌കാരത്തിൽ പങ്കെടുത്ത നിർവൃതിയിൽ വിശ്വാസികൾ, നിസ്‌കാര ശേഷം ഉടൻ തന്നെ താമസ കേന്ദ്രങ്ങളിലേക്ക് മടങ്ങി. തറാവീഹ് നിസ്‌കാരത്തിനൊടുവിൽ നടന്ന പ്രാർത്ഥനയിൽ കണ്ഠമിടറിയാണ് വിശ്വാസികൾ മഹാമാരിക്കെതിരെയും ആഗോള പ്രതിസന്ധികൾക്കെതിരെയും കരമുയത്തിയത്. മക്ക ഹറമിൽ നിസ്‌കാരത്തിന് നേതൃത്വം നൽകിയ ഹറാം ഇമാം ശൈഖ് ഡോ: അബ്‌ദുറഹ്‌മാൻ അൽ സുദൈസിനൊപ്പം പ്രാർത്ഥനക്കിടെ പലപ്പോഴും വിശ്വാസികൾ വിങ്ങിപ്പൊട്ടി. മദീനയിൽ ശൈഖ് ഡോ: ബന്ദർ ബിൻ അബ്ദുൽ അസീസ് ബലീലയും തറാവീഹ് നിസ്‌കാരത്തിന് നേതൃത്വം നൽകി.

മക്ക മസ്ജിദുൽ ഹറാമിൽ വിശ്വാസികൾ തറാവീഹ് നിസ്‌കാരത്തിൽ പങ്കെടുക്കുന്നു

കഴിഞ്ഞ വർഷം ഇതേ സമയത്ത് ശൂന്യമായി കിടന്ന ഹറം പള്ളിയുടെ തിരുമുറ്റങ്ങളിൽ ഈ വർഷം റമദാനിൽ പങ്കെടുക്കാൻ സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് വിശ്വാസികൾ. കഴിഞ്ഞ വർഷം വിരലിലെണ്ണാവുന്ന ഹറം ജീവനക്കാരെ ഉൾപ്പെടുത്തിയായിരുന്നു തറാവീഹ് നിസ്‌കാരങ്ങൾ നടന്നിരുന്നത്.
ഈ വർഷം റമദാനിൽ വിശ്വാസികൾക്ക് അവസരം നൽകുന്നതിനായി ശക്തമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളാണ് ഇരു ഹറമുകളിലും നടപ്പിലാക്കിയത്. വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് അനുമതി.

സഊദി ഭരണകൂടത്തിന്റെ ഇച്ഛാശക്തിയാണ് റമദാനിൽ കൂടുതൽ തീർത്ഥാടകർക്ക് അനുവാദം നൽകി പ്രവേശനം അനുവദിക്കുന്നത്. അമ്പതിനായിരം ഉംറ തീര്ഥാടകര്ക്കും ഒരു ലക്ഷം വിശ്വാസികൾക്ക് നിസ്‌കാരത്തിനുമാണ് റമദാനിൽ പ്രതിദിനം അനുമതി നൽകുന്നത്. അനുമതി ലഭിക്കാതെ ഉംറ നിർവഹിക്കുന്നവർക്ക് പതിനായിരം റിയാലും ഇരു ഹറമുകളിൽ പ്രാർത്ഥനക്കെത്തുന്നവർക്ക് ആയിരം റിയാൽ വീതവും പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്. മഹാമാരിക്കെതിരെ സ്വീകരിക്കുന്ന സുരക്ഷ മുൻകരുതൽ പാലിക്കാൻ വിശ്വാസികൾ മുന്നോട്ട് വരണമെന്നും നിയന്ത്രണങ്ങളും നിർദേശങ്ങളും പൂർണ്ണമായും പാലിക്കണമെന്നും ഇരു ഹറം കാര്യാലയ മേധാവി കൂടിയായ ശൈഖ് ഡോ: അബ്‌ദുറഹ്‌മാൻ അൽ സുദൈസ് വിശ്വാസികളോട് ആവശ്യപ്പെട്ടു.

വീഡിയോ

Most Popular

error: