Saturday, 27 July - 2024

റമദാനിൽ ഇരു ഹറമുകളിലും തറാവീഹ് 10 റക്അത്ത്, സൽമാൻ രാജാവിന്റെ അനുമതി, തീർത്ഥാടകർ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

മക്ക: വിശുദ്ധ റമദാനിൽ മക്കയിലെയും മദീനയിലെയും ഹറമുകളിൽ തറാവീഹ് നിസ്കാരം പത്ത് റക്അത്ത് മാത്രം നടത്താനുള്ള തീരുമാനത്തിന് ഭരണാധികാരി സൽമാൻ രാജാവിന്റെ അനുമതി. അഞ്ചു സലാം വീട്ടുന്നതോടെ പൂർത്തിയാകുന്ന പത്ത് റക്അത്ത് തറാവീഹ് നിസ്കാരമായിരിക്കും ഇരു ഹറം പള്ളികളിലും നടക്കുക. കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിലാണ് നിസ്കാര റക്അതുകളുടെ എണ്ണത്തിൽ കുറവ് വരുത്തുന്നത്.

അതേസമയം, ഹറമുകളിൽ എത്തുന്നവർക്ക് മുന്നിൽ ഏതാനും നിർദേശങ്ങളും അധികൃതർ മുന്നോട്ട് വെച്ചിട്ടുണ്ട്. വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് അനുമതി നൽകുക. ഒന്നാം ഡോസ് സ്വീകരിച്ചു 14 ദിവസം പൂർത്തിയാകുകയോ രണ്ട് ഡോസ് സ്വീകരിക്കയോ വേണം. തീർത്ഥാടകർക്കൊപ്പം കുട്ടികൾക്ക് അനുമതി നൽകുകയില്ല. ഇഷാ നിസ്കാരത്തിന് അനുമതി ലഭിക്കുന്നവർക്ക് തറാവീഹ് നിസ്കാരത്തിലും പങ്കെടുക്കാം.

ഉംറ തീർത്ഥാടകർക്കായി മന്ത്രാലയം ഏഴ് സമയ പരിധികൾ നിശ്ചയിച്ചിട്ടുണ്ട്, കൂടാതെ ലഭ്യമായതും റദ്ദാക്കിയതുമായ റിസർവേഷനുകൾക്കനുസരിച്ച് സമയം അപ്‌ഡേറ്റ് ചെയ്യും. മക്കയിലെ സെൻട്രൽ ഹറം പ്രദേശത്തേക്ക് അനധികൃത വാഹനങ്ങൾ പ്രവേശിക്കാൻ അനുവാദം നൽകുകയില്ല. പെർമിറ്റിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഉചിതമായ സമയത്ത് മാത്രം വാഹനങ്ങൾ വിവിധ ചെക്ക്പോസ്റ്റുകളിലൂടെ മക്കയിലേക്ക് പ്രവേശിക്കണം. ഗതാഗത കേന്ദ്രങ്ങളുടെ കാലതാമസം ഒഴിവാക്കുന്നതിനായി ഉംറ ആപ്ലിക്കേഷൻ വഴി ട്രാൻസ്പോർട്ട് ടിക്കറ്റുകൾ ഇലക്ട്രോണിക് ആയി മുൻകൂട്ടി കരസ്ഥമാക്കണം.

കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും പൂർണ്ണമായും പാലിച്ചായിരിക്കണം തീർഥാടകർക്കും ആരാധകർക്കും ഇരു പള്ളികളിലും പ്രവേശിക്കാൻ അനുവാദം നൽകൂ. പെർമിറ്റില്ലാതെ ഉംറ നിർവഹിക്കാൻ എത്തുന്നവർക്ക് 10,000 റിയാൽ പിഴയും പെർമിറ്റ് ഇല്ലാതെ ഹറം പള്ളിയിൽ പ്രാർത്ഥന നടത്തുന്നവർ 1,000 റിയാലും പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്.,

Most Popular

error: