റിയാദ്: റിയാദ് പ്രവിശ്യയിൽ നാളെ അപായ അലാറം മുഴങ്ങുമെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അറിയിച്ചു. അത്യാഹിത ഘട്ടങ്ങളിലെ അലാറം സന്ദേശം പരിശോധനയുടെ ഭാഗമായാണ് നാളെ ഉച്ചകഴിഞ്ഞു കൃത്യം രണ്ട് മണിക്ക് അപായ അലാറം മുഴങ്ങുക. റിയാദ് പ്രവിശ്യക്ക് കീഴിലുള്ള മുഴുവൻ ഗവർണർറേറ്റുകൾക്ക് കീഴിലെയും നഗരങ്ങളിൽ അപായ അലാറം മുഴങ്ങുമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷനുമായി സഹകരിച്ചാണ് മൊബൈലിൽ അപായ അലാറം സന്ദേശം എത്തുക. സെല്ലുലാർ പ്രക്ഷേപണ സന്ദേശങ്ങൾ വഴി അടിയന്തിര സാഹചര്യങ്ങളിൽ മൊബൈൽ ഫോണുകൾ വഴി നേരത്തെ മുന്നറിയിപ്പ് നൽകുന്നതിനും അവ ട്രാക്കുചെയ്യുന്നതിനുമുള്ള പരീക്ഷണാത്മക പരിശോധനകളുടെ ഭാഗമായാണ് അപായ സന്ദേശം നാളെ മുഴങ്ങുക. മൊബൈലിൽ സന്ദേശങ്ങളായും വോയ്‌സ് മെസേജുകളായും അപായ സന്ദേശം ആളുകളിലേക്കേത്തും.