റിയാദ്: വിശുദ്ധ റമദാനിൽ അനുമതിപത്രം (തസ്‌രീഹ്) ഇല്ലാതെ ഉംറ നിർവ്വഹിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ച നടപടിക്രമങ്ങളിൽ പെട്ട ഉംറക്കുള്ള അനുമതി പത്രം ലഭിക്കാതെ ഉംറ തീർത്ഥടനം നടത്തുന്നവർക്ക് പതിനായിരം റിയാൽ പിഴ ഈടാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. പെർമിറ്റ് ലഭിക്കാതെ മക്ക ഹറമിൽ പ്രവേശിക്കുന്നവർക്കും പിഴ ചുമത്തുമെന്നും മന്ത്രാലയം അറിയിച്ചു.
പ്രാർത്ഥനക്കായി അനുമതി ലഭിക്കാതെ മസ്ജിദുൽ ഹറാമിൽ പ്രവേശിച്ചാൽ ആയിരം റിയാൽ പിഴയാണ് ഈടാക്കുക. സഊദിയിലെ ജനജീവിതം സാധാരണ നിലയിലേക്ക് ആകുന്നത് വരെ ഇത് നില നിൽക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
മക്കയിലെ ഗ്രാൻഡ് പള്ളിയിൽ ഉംറയോ പ്രാർത്ഥനയോ നടത്താൻ ആഗ്രഹിക്കുന്നവർ അതിനുള്ള അനുമതി വാങ്ങണമെന്നും എല്ലാ നിർദ്ദേശങ്ങളും പാലിക്കാൻ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ട മന്ത്രാലയം, മക്കയിലേക്കുള്ള റോഡുകളിൽ ഉൾപ്പെടെ പ്രദേശത്ത് ശക്തമായ പരിശോധന ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.