Thursday, 12 December - 2024

നിയമ സഭ തെരഞ്ഞെടുപ്പ് : ഇത്തവണ പ്രവാസി വോട്ടർമാരുടെ എണ്ണം കുറവ്

ജിദ്ദ: കേരളത്തിൽ നിയമ സഭ തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ഇത്തവണ മുൻ വർഷങ്ങളെ അപേക്ഷിച്ചു വോട്ട് ചെയ്യുന്ന സഊദിയിലെ പ്രവാസികളുടെ എണ്ണം വളരെ കുറവ്. സാധാരണ ജിദ്ദ ഉൾപ്പെടെ സൗദിയുടെ വിവിധ നഗരങ്ങളിൽ നിന്നും വോട്ട് ചെയ്യാൻ വേണ്ടി നാട്ടിൽ പോവാറുള്ള പലർക്കും ഇത്തവണ പോവാൻ കഴിഞ്ഞിട്ടില്ല.കൊവിഡ് കാരണം യാത്ര സൗകര്യം കുറവായതാണ് പ്രവാസി വോട്ട് കുറയാൻ പ്രധാന കാരണം. ഇന്ത്യയിൽ നിന്നും സഊദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ഇല്ല. അക്കരണത്താൽ നാട്ടിൽ പോയാൽ തിരിച്ചു വരാൻ വളരെ പ്രയാസകരമാണ്. അതോടൊപ്പം നാട്ടിൽ പോവാനും ആർ. ടി. പി. സി ടെസ്റ്റ്‌ ഉൾപ്പെടെ ചെലവ് കൂടുതലുമാണ്.

തെരഞ്ഞെടുപ്പിൽ നാട്ടിൽ ഉള്ളവരേക്കാൾ ആവേശം പ്രവാസികൾക്കാണ്. സോഷ്യൽ മീഡിയ വഴി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാണ് പ്രവാസികൾ. മുമ്പ് ജിദ്ദ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കെഎംസിസി ഉൾപ്പെടെയുള്ള പ്രവാസി സംഘടനകൾ നാട്ടിലേതു പോലെയുള്ള തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടത്തിയിരുന്നു. ഇതിൽ ധാരാളം പേർ പങ്കെടുത്തിരുന്നു. എന്നാൽ കോവിഡ് നിയന്ത്രണം കാരണം വലിയ തോതിലുള്ള പരിപാടികൾ നടത്താൻ ഇപ്പോൾ അനുമതി ഇല്ല.

തെരഞ്ഞെടുപ്പിൽ സാമ്പത്തിക രംഗത്തും പ്രവാസികളുടെ സംഭാവന വളരെ വലുതാണ്. സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഫണ്ട്‌ നൽകുന്നത് പ്രധാനമായും പ്രവാസി സംഘടനകളാണ്. കോവിഡ് കാലമായിട്ടും തെരഞ്ഞെടുപ്പ് ഫണ്ട്‌ നൽകുന്നതിൽ ഇത്തവണയും അവർ ഒരു കുറവും വരുത്തിയിട്ടില്ല.

കോവിഡ് കാരണം സൗദിയിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സമയത്ത് ജോലിയും വരുമാനവുമില്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ച പ്രവാസികളോട് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ എടുത്ത നിഷേധാത്മക നിലപാടിൽ പ്രവാസികൾക്ക് അമർഷമുണ്ട്. പ്രവാസി കുടുംബങ്ങൾ വോട്ട് ചെയ്യുമ്പോൾ ഇക്കാര്യം പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും നാട്ടിൽ പോയി വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും പ്രവാസികൾക്ക് അനുകൂലമായ നിലപാട് എടുക്കുന്നവർ അധികാരത്തിൽ വരണമെന്നാണ് പ്രവാസികളുടെ പ്രാർത്ഥന.

Most Popular

error: