മക്ക: വിശുദ്ധ കഅ്ബയുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. പരിശുദ്ധ റമദാൻ തയാറെടുപ്പിനോടനുബന്ധിച്ചാണ് അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന മിനുക്കു പണികൾ ആരംഭിച്ചത്. ഉന്നതരുടെ മേൽനോട്ടത്തിൽ ഇരു ഹറം കാര്യാലയ വകുപ്പിനു കീഴിൽ കഅ്ബയു അറ്റകുറ്റപ്പണികൾ നിർവഹിക്കുന്ന കിങ് അബ്ദുൽ അസീസ് കോംപ്ലക്സ് വിദഗ്ധ തൊഴിലാളികൾ ഉൾപ്പെടുന്ന സംഘമാണ് മിനുക്കു പണികൾക്ക് നേതൃത്വം
നൽകുന്നത്. ഇവരോടൊപ്പം ക്വാളിറ്റി നിരീക്ഷകനും ആരോഗ്യ സുരക്ഷാ ഓഫീസറും ഉണ്ട്. പതിനാലംഗ സംഘമാണ് അറ്റകുറ്റപണികൾക്ക് നേതൃത്വം നൽകുന്നത്.
ശാദൂറാനില് കിസ്വയെ ഘടിപ്പിക്കുന്ന സ്വര്‍ണ വളയങ്ങൾക്കു കീഴിൽ കറുത്ത തുണി സ്ഥാപിച്ച് കൊണ്ടാണ് പണികൾ തുടങ്ങിയത്. പിന്നീട് കഅ്ബയെ പുതപ്പിച്ച കിസ്വയുടെ കെട്ടുകൾ അയക്കുകയും ശേഷം നാലു ഭാഗത്ത് നിന്നും വലിച്ച് ഉറപ്പിക്കുകയും പിന്നീട് ഹജറുൽ അസ്വദിന്റെയും റുക്നുല്‍ യമാനിയുടെയും മൂലകൾ അലങ്കരിക്കും. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതിനു ശേഷം പൊടിയിൽ
നിന്നും മറ്റും കിസ്വ വൃത്തിയാക്കുകയും ചെയ്യും.