റിയാദ്: റമദാൻ അടുക്കുകയും രാജ്യത്ത് വൈറസ് വ്യാപനം ഉയരുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ രാജ്യവ്യാപകമായി നിരീക്ഷണം ശക്തമാക്കാനും നിയമ ലംഘകർക്ക് കടുത്ത പിഴ ഈടാക്കാനും നിർദേശം. മുനിസിപ്പൽ, ഗ്രാമീണ കാര്യങ്ങളും ഭവന നിർമ്മാണ മന്ത്രി മാജിദ് ബിൻ അബ്ദുല്ലാഹ് അൽ ഖസബിയാണ് മുഴുവൻ എല്ലാ സെക്രട്ടേറിയറ്റുകളോടും മുനിസിപ്പാലിറ്റികളോടും നിർദേശം നൽകിയത്. രാജ്യത്തെ മുഴുവൻ മാർക്കറ്റുകൾ, മാളുകൾ, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ ഭക്ഷ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും നിലനിർത്തുന്നതിനും പ്രതിരോധ മുൻകരുതലുകൾ പാലിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്നതിനും വേണ്ടിയാണ് ശക്തമായ ഫീൽഡ് പരിശോധനക്ക് നിർദേശം നൽകിയത്. നിയമലംഘനം കണ്ടെത്തിയാൽ ശക്തമായ പിഴ ചുമത്താനും നിർദേശമുണ്ട്.
അനുഗ്രഹീതമായ റമദാൻ മാസത്തിൽ റെസ്റ്റോറന്റുകളിൽ ബുഫെ സേവനം നിർത്തിവയ്ക്കാനും മുൻകരുതൽ നടപടികൾ പാലിക്കൽ, പ്രോട്ടോക്കോളുകൾ നടപ്പിലാക്കൽ, പൊതു പാർക്കുകളിലും ലൈസൻസില്ലാത്ത കളിസ്ഥലങ്ങളിലും നഗര അതിർത്തിക്കുള്ളിലെ നിയന്ത്രണ ലംഘനങ്ങൾ കണ്ടെത്തുന്നതിനും ഫീൽഡ് പരിശോധന ശക്തമാക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഷോപ്പിംഗ് സെന്ററുകളിലും മാളുകളിലും, ആളുകളുടെ സാന്ദ്രത കുറയ്ക്കുന്നതിന് 24 മണിക്കൂർ പ്രവർത്തിക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്.