ന്യൂഡല്‍ഹി: ഇന്ത്യയിൽ വീണ്ടും അനിയന്ത്രിതമായി പുതിയ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നത് സഊദിയിലെ പ്രവാസികളുടെ ഞെഞ്ചിടിപ്പ് വീണ്ടും കൂട്ടി. ഒരു വർഷത്തിലേറെയായി കടുത്ത ദുരിതം അനുഭവിക്കുന്ന സഊദിയിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികൾ വരുന്ന മെയ് പതിനേഴിന് ശേഷമെങ്കിലും യാത്രാ സൗകര്യം ലഭ്യമാകുമെന്ന പ്രതീക്ഷയിൽ കഴിയുന്നതിനിടെയാണ് ഇന്ത്യയിൽ വീണ്ടും കൊവിഡ് കേസുകൾ റോക്കറ്റ് പോലെ കുത്തനെ ഉയരുന്നത്. ഇത് നിലവിലെ സ്ഥിഗതികൾ വീണ്ടും വഷളാക്കുമെന്നും യാത്രാ നിരോധനം നിലവിലേത് പോലെ തന്നെ തുടരാൻ അധികൃതരെ പ്രേരിപ്പിക്കുമെന്നുമുള്ള ആശങ്കകളാണ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ പരസ്‌പരം ചർച്ച ചെയ്യുന്നത്.
കൊവിഡ് വന്നതിനു ശേഷം യാത്രാ നിരോധനം വന്നതിനു ശേഷം ഗൾഫ് രാജ്യങ്ങളിൽ സഊദിയിലേക്ക് മാത്രമാണ് നേരിട്ട് ഇന്ത്യയിൽ നിന്ന് വിമാന സർവ്വീസുകൾ ഇത് വരെ ആരംഭിക്കാത്തത്. എങ്കിലും മെയ് 17 മുതൽ വിമാന സർവ്വീസ് സാധാരണ നിലയിലാകുമെന്ന സഊദി അധികൃതരുടെ ഏറ്റവും ഒടുവിലെ അറിയിപ്പ് പ്രകാരം ഇന്ത്യക്കാർക്കും അനുമതി ഉണ്ടാകുമെന്ന ശുഭ പ്രതീക്ഷയിൽ കഴിയുന്നതിനിടെയാണ് ആശങ്ക ഉയർത്തി വീണ്ടും ഇന്ത്യയിലെ കേസുകൾ ഉയരുന്ന വാർത്തകൾ പുറത്ത് വരുന്നത്.
ഇതൊപ്പം, സഊദിയിലെ കേസുകളിലും ഗണ്യമായ വർധനവ് ഉണ്ടായതും ആശങ്ക വീണ്ടും ഉയർത്തുന്നുണ്ട്. വിവിധ ഗൾഫ് രാജ്യങ്ങൾ വീണ്ടും ലോക്ഡൗൺ പോലോത്ത കാര്യങ്ങളിലേക്ക് നീങ്ങിയിട്ടുണ്ട്. ഇനിയും കേസുകൾ ഇവിടെ കൂടുകയാണെങ്കിൽ സഊദിയും കടുത്ത നിലപാടുകളിലേക്ക് നീങ്ങിയേക്കും. എങ്കിലും വാക്സിനുകൾ സ്വീകരിച്ചവർക്ക് ഇളവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി ഇളവുകൾ ഉണ്ടായേക്കുമെന്നും കരുതുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 89,129 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 20 ശേഷമുള്ള രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. 92,605 കേസുകളാണ് സെപ്റ്റംബര്‍ 20 ന് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 714 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ ആകെ മരണം 1,64,110 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,23,92,260 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
24 മണിക്കൂറിനിടെ 47,827 പേര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 3.594 കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇത്. നിലവിലെ സ്ഥിതിഗതികള്‍ തുടരുകയാണെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണിനെ കുറിച്ച് ചിന്തിക്കാതിരിക്കാനാവില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു. കൂടുതൽ സഊദി, ഗൾഫ് വാർത്തകൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ👇