യാംബു: വരാനിരിക്കുന്ന കേരള നിയമസഭ തെരഞ്ഞടുപ്പിൽ ഫാസിസ്റ്റുകൾക്ക് മുന്നേറ്റം ഉണ്ടാകുന്നതിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും യോജിച്ച പ്രവർത്തനം അനിവാര്യമാണെന്ന് പ്രവാസി സാംസ്കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റഹീം ഒതുക്കുങ്ങൽ പറഞ്ഞു. പ്രവാസി സാംസ്കാരിക വേദി യാംബു, മദീന, തബൂഖ് മേഖല സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരിരുന്നു അദ്ദേഹം. വരാനിരിക്കുന്ന തെരെ ഞ്ഞെടുപ്പിൽ കേരള നിയമസഭയിൽ ഫാഷിസ്റ്റ് ശക്തികൾക്ക് ഇടം ലഭിക്കാതിരിക്കാനുള്ള നയ നിലപാടുകളാണ് വെൽഫെയർ പാർട്ടി സ്വീകരിക്കുന്നതെന്നും ജനപക്ഷ രാഷ്ട്രീയത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന വെൽഫെയർ പാർട്ടിയുടെ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു. മേഖല പ്രസിഡന്റ് സോജി ജേക്കബ് ഓൺ ലൈൻ സംഗമത്തിൽ അധ്യക്ഷത വഹിച്ചു.
‘സാമൂഹിക നീതിക്ക് വെൽഫെയറിനോപ്പം’ എന്ന വിഷയത്തെ കുറിച്ച് പ്രവാസി നാഷനൽ കോഡിനേഷൻ കമ്മിറ്റിയംഗവും മേഖല വൈസ് പ്രസിഡന്റുമായ സാബു വെള്ളാരപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി. ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമായ സാമൂഹിക നീതിയുടെ നിലനിൽപ്പിനുള്ള വെൽഫെയർ പാർട്ടിയുടെ പോരാട്ടത്തിൽ എല്ലാവരുടെയും വർധിച്ച പിന്തുണ അനിവാര്യ മാണെന്ന് അദ്ദേഹം പറഞ്ഞു. ഹാഷിം തബൂഖ്, സമിയത്ത് ഹാഷിം, ഷാനിത അയ്യൂബ്, ടി.ഒ ജോർജ്, ഖമറുന്നിസ ഷമീർ എന്നിവർ സംസാരിച്ചു. നിയാസ് യൂസുഫ്, തൻസീമ മൂസ, ഫെൻസി സിറാജ്, ഫിദ മുസ്തഫ എന്നിവർ ഗാനമാലപിച്ചു.
മൂസ മമ്പാട് രചനയും സംവിധാനവും നിർവഹിച്ച് മദീന പ്രവാസി കലാ സംഘം അവതരിപ്പിച്ച ഓൺ ലൈൻ രാഷ്ട്രീയ ആക്ഷേപ ഹാസ്യ സ്കിറ്റ് പരിപാടിക്ക് മാറ്റ് കൂട്ടി. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ‘പ്രവാസി’ പ്രവർത്തകരായ നസീഫ് മുഹമ്മദ് മാറഞ്ചേരി, ടി.പി ഹൈദരലി വണ്ടൂർ എന്നിവർക്ക് യാത്ര മംഗളം നേർന്ന് മുജീബ് ചോക്കാട് സംസാരിച്ചു. മേഖല സെക്രട്ടറി നസിറുദ്ദീൻ ഇടുക്കി സ്വാഗതവും ട്രഷറർ സിറാജ് എറണാകുളം നന്ദിയും പറഞ്ഞു