റിയാദ്: കാലാവസ്ഥാ വ്യതിയാന വെല്ലുവിളിയെ നേരിടാൻ രാജ്യ ചരിത്രത്തിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന ഹരിതവൽക്കരണ പദ്ധതി സഊദി അറേബ്യ പ്രഖ്യാപിച്ചു. സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ഗ്രീൻ സഊദി ഇനീഷ്യേറ്റീവ്, ഗ്രീൻ മിഡിൽ ഈസ്റ്റ് ഇനീഷ്യേറ്റീവ് സംരംഭങ്ങൾ പ്രഖ്യാപിച്ചത്. മേഖലയിൽ കാർബൺ പ്രസരണം 60 ശതമാനം എന്ന തോതിൽ കുറക്കാനാകുമെന്ന് കരുതുന്ന പദ്ധതി സുസ്ഥിരമായ ഒരു ഭാവിയെ രൂപപ്പെടുത്തലും ലക്ഷ്യമിടുന്നു. ഫലഭൂയിഷ്ഠമായ ഭൂമി നഷ്ടമാകുന്ന പ്രതിഭാസം തടയാനും പവിഴപ്പുറ്റുകൾ സംരക്ഷിക്കാനും ഗ്രീൻ സഊദി, ഗ്രീൻ മിഡിൽ ഈസ്റ്റ് സംരംഭങ്ങൾ പ്രയോജനപ്പെടും. 2022 ന്റെ രണ്ടാം പകുതിയോടെ അന്താരാഷ്ട്ര പങ്കാളികളുമായി കൈകോർത്താണ് മിഡിൽ ഈസ്റ്റ് ഹരിതാഭമാക്കുന്ന പദ്ധതി നടപ്പിലാക്കുകയാണ് ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ 5,000 കോടി മരങ്ങൾ നട്ടുപിടിപ്പിക്കും. സഊദിയിൽ മാത്രമായി പത്ത് ബില്യൺ മരങ്ങളായിരിക്കും അടുത്ത പത്ത് വർഷത്തിനുളിൽ വെച്ച് പിടിപ്പിക്കുക. ഇതോടെ, ലോകത്തെ ഏറ്റവും വലിയ വനവൽക്കരണ സംരംഭമായി ഇത് മാറും. കിഴക്കൻ സെനഗലിൽനിന്ന് സുഡാൻ വരെ നീളുന്ന വടക്ക് പടിഞ്ഞാറൻ ആഫ്രിക്കയിൽ പച്ചപുതച്ച് കിടക്കുന്ന സാഹിൽ മേഖലയിലെ സസ്യനിർമിത മതിലിന്റെ വലിപ്പം പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇരട്ടിയാകും. ‘ഭൂമിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായ കാലാവസ്ഥ വ്യതിയാനം എന്ന പ്രതിസന്ധിക്കെതിരെ പോരാടുന്നതിന്, ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപാദകർ എന്ന നിലയിൽ സഊദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് ഹരിതവത്കരണ പ്രഖ്യാപനത്തിൽ കിരീടാവകാശി പറഞ്ഞു. ‘അഭിമാനത്തോടെയാണ് ഞാൻ ഈ പദ്ധതികൾ പ്രഖ്യാപിക്കുന്നത്, പക്ഷേ ഇതൊരു തുടക്കം മാത്രം. സഊദി അറേബ്യയും മിഡിൽ ഈസ്റ്റും ലോകം തന്നെയും കാലാവസ്ഥ വ്യതിയാനത്തിനെതിരെ പ്രതിരോധം തീർക്കാൻ അതിവേഗം മുന്നോട്ടു നീങ്ങണം’– മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കി.
മരുഭൂമികൾ, സമുദ്രതീരങ്ങൾ എന്നീ ആവാസ വ്യവസ്ഥകളെ പരിരക്ഷിച്ചും നഗര പ്രദേശങ്ങളിൽ പരമാവധി സസ്യങ്ങൾ വെച്ചുപിടിപ്പിക്കുകയും ചെയ്യുന്ന പരിസ്ഥിതി സംരക്ഷണ നയമായിരിക്കും രാജ്യം സ്വീകരിക്കുക. സംരക്ഷിത പ്രദേശങ്ങളുടെ തോത് രാജ്യത്ത് 30 ശതമാനവും മേഖലയിലെ ഓരോ രാജ്യങ്ങളിലും 17 ശതമാനം എന്ന തോതിലും വർധിപ്പിക്കാൻ ഗ്രീൻ ഇനീഷ്യേറ്റീവ് സംരംഭങ്ങൾ വഴി സാധിക്കും. ആഗോളതലത്തിൽ കാർബൺ പ്രസരണം നാല് ശതമാനം കുറക്കുന്ന ഈ ഊർജ പുനഃചംക്രമണ പദ്ധതി വഴി 2030 ഓടെ സഊദിയിലെ വൈദ്യുതി ഉൽപാദനം 50 ശതമാനം എന്ന തോതിൽ വർധിപ്പിക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഏതാനും വർഷങ്ങളിലായി പ്രദേശങ്ങൾ മരുഭൂമിയാകൽ, മഴ കുറയൽ, പൊടിക്കാറ്റ് തുടങ്ങിയ വെല്ലുവിളികളെ അഭിമുഖീകരിക്കുകയായിരുന്നു സൗദി അറേബ്യ. പരിസ്ഥിതിയെ സംരക്ഷിക്കാൻ സർക്കുലർ കാർബൺ എക്കോണമി തത്വം കഴിഞ്ഞ വർഷം ജി 20 ഉച്ചകോടിയിൽ ആതിഥേയത്വം വഹിച്ചപ്പോൾ സൗദി പ്രഖ്യാപിച്ചിരുന്നു.
അതേസമയം, സഊദി അറേബ്യയുടെ ഗ്രീൻ ഇനീഷ്യയെറ്റിവ് പ്രഖ്യാപനത്തെ വിവിധ രാജ്യങ്ങളും ആഗോള കൂട്ടായ്‌മകളും സ്വാഗതം ചെയ്‌തു. അന്താരാഷ്‌ട്ര ഊർജ്ജ ഫോറം, ഐക്യ രാഷ്‌ട്ര സഭ, ബ്രിട്ടൻ, റഷ്യ ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ സ്വാഗതം ചെയ്യുകയും സഹായങ്ങൾ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.
രാഷ്‌ട്ര ഊർജ്ജ ഫോറം, ഐക്യ രാഷ്‌ട്ര സഭ, ബ്രിട്ടൻ, റഷ്യ ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ സ്വാഗതം ചെയ്യുകയും സഹായങ്ങൾ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.