ദമാം: നമ്മുടെ രാജ്യത്തെ ന്യൂനപക്ഷങ്ങൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീക്ഷണിയായ സംഘപരിവാർ വർഗ്ഗീയതയെ നേരിടുന്നതിൽ കൂടെയുണ്ടാകുമെന്ന് ആത്മാർത്ഥമായി വിശ്വസിയ്ക്കാവുന്നത് ഇടതുപക്ഷപ്രസ്ഥാനങ്ങളെ മാത്രമാണെന്ന് ചരിത്രകാരനും, മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിള കലാ അക്കാഡമി ചെയർമാനുമായ ഡോ: ഹുസ്സൈൻ രണ്ടത്താണി പറഞ്ഞു.സഊദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യ ഇടതുമുന്നണി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ നിയമസഭ തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവൻറെ കണ്ണീരൊപ്പുന്ന രാഷ്ട്രീയമാണ് ഇടതുപക്ഷത്തെ എന്നും വ്യത്യസ്തമാക്കുന്നത്. സംഘപരിവാർ രാഷ്ട്രീയത്തിന്റെ ദുരിതങ്ങൾ പേറുന്ന ന്യൂനപക്ഷങ്ങൾക്കും, ദളിതർക്കും, പിന്നോക്കക്കാർക്കും ആശ്രയിക്കാൻ കഴിയുന്നതും ഇടതുപക്ഷത്തെയാണ്. പാർലമെന്റിൽ എണ്ണം കുറവാണെങ്കിലും, പൗരത്വബില്ലിനെതിരെയും, സി എ എ യ്ക്കെതിരെയും, കർഷക ഭേദഗതിയ്‌ക്കെതിരെയും ഒക്കെ മോഡി സർക്കാരിനെതിരെ നടന്ന എല്ലാ ജനകീയ സമരങ്ങളിലും മുൻനിരയിൽ ഇടതുപക്ഷം ഉണ്ടായിരുന്നു. ഗോവധത്തിന്റെയും, ലൗ ജിഹാദിന്റെയും, കള്ളക്കഥകൾ പ്രചരിപ്പിച്ചു മുസ്ലീങ്ങളെ വേട്ടയാടിയപ്പോഴും, മതവേഷങ്ങൾ ധരിച്ചതിനാൽ മതപരിവർത്തനം ആരോപിച്ചു കന്യാസ്ത്രീകളെ വരെ ആക്രമിച്ചപ്പോഴും, ഏറ്റവും ശക്തമായ പ്രതിരോധം തീർത്തത് ഇന്ത്യയിലെ ഇടതുപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.
സൂം പ്ലാറ്റ്ഫോമിൽ എം.എം.നയിമിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ തെരെഞ്ഞെടുപ്പ് കൺവെൻഷനിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള ഇടതുപക്ഷ നേതാക്കളും പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു. റിയാദ് കേളി രക്ഷാധികാരി കെ പി എം സാദിഖ് വാഴക്കാട്, ബഹ്‌റൈൻ ഐ എം എം സി പ്രസിഡന്റ് മൊയ്‌തീൻ കുട്ടി പുളിക്കൽ, സൗദി ഐ എം സി സി പ്രസിഡന്റ് എ.എം.അബ്ദുള്ളകുട്ടി പുളിക്കൽ എന്നിവർ ആശംസപ്രസംഗം നടത്തി. മലപ്പുറത്തെ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികളായ പാലൊളി അബ്ദുൾ റഹ്മാൻ, നിയാസ് പുളിക്കലകത്ത്, പ്രൊഫസർ അബ്ദുൾ വഹാബ്, പി.ജിജി എന്നിവരും കൺവെൻഷനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. മുഫീദ് കൂരിയാടൻ സ്വാഗതവും, പ്രജീഷ് നന്ദിയും പറഞ്ഞു.