റിയാദ്: സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള സേവന പോർട്ടലായ അബ്ശിറിൽ അഞ്ച് പുതിയ സേവനങ്ങൾ കൂടി ഉൾപ്പെടുത്തി. ‘അബ്ഷിർ ഇൻഡിവിജ്വൽസി’ലാണ് പുതുതായി ഏതാനും സേവനങ്ങൾകൂടി ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയത്. വിദ്യാഭ്യാസ യോഗ്യതയിൽ ഭേദഗതി വരുത്താനുള്ള അപേക്ഷ, ഇംഗ്ലീഷിലുള്ള പേരിലെ തിരുത്തൽ വരുത്താനുള്ള അപേക്ഷ, സാമൂഹിക സ്ഥിതിയിൽ ഭേദഗതി വരുത്താനുള്ള അപേക്ഷ, മക്കളുടെയും മാതാവിന്റെയും സിവിൽ രജിസ്റ്ററുകളെ ബന്ധിപ്പിക്കാനുള്ള അപേക്ഷ, നവീകരിച്ച മെച്ചപ്പെടുത്തൽ സേവനം എന്നീ അഞ്ചു സേവനങ്ങളാണ് അബ്ശിറിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
കൂടാതെ, ബധിരർക്കു വേണ്ടി നവീകരിച്ച ആംഗ്യ (അശിർ) സേവനവും സുരക്ഷാ വകുപ്പുള്ള ‘മൈദാൻ’ പ്ലാറ്റ്‌ഫോമിന്റെ രണ്ടാമത് പതിപ്പും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. സിവിൽ അഫയേഴ്‌സ് ഓഫീസുകളിലെ സേവന കേന്ദ്രങ്ങളിൽ ജീവനക്കാർക്കും ഉപയോക്താക്കൾക്കും ക്യുആർ കോഡ് സാങ്കേതികവിദ്യ വഴി ഏകീകൃത വീഡിയോ കോൾ സെന്ററിലെ ആംഗ്യ ഭാഷാ വിവർത്തകനുമായി ആശയവിനിമയം നടത്താൻ നവീകരിച്ച ആംഗ്യ സേവനം അവസരമൊരുക്കുന്നതാണ് അശീർ. 20 മില്യൺ ആളുകളാണ് ഇപ്പോൾ രാജ്യത്ത് അബ്ഷിർ ഓൺലൈൻ സംവിധാനം ഉപയോഗിക്കുന്നത്.