Saturday, 27 July - 2024

കൊവിഡ് കാലത്തെ വിവിധ മുഖങ്ങൾ വരച്ചു കാട്ടുന്ന “ദി ഡിസ്റ്റൻസ്” പ്രകാശനം ചെയ്തു

റിയാദ്: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സഊദി ചാപ്റ്റർ കൊവിഡ് കാലത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പുറത്തിറക്കുന്ന സുവനീർ “ദി ഡിസ്റ്റൻസ്” പ്രകാശനം റിയാദ് ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എൻ. റാം പ്രസാദ് പ്രകാശനം ചെയ്‌തു. ജീവകാരുണ്യ, സന്നദ്ധ സേവന മേഖലയിലെ നിറസാന്നിധ്യമായ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, കൊവിഡ് മഹാമാരി ഭീതി വിതച്ച നാളുകളിൽ സഊദിയിലെ പ്രവാസികൾക്കിടയിൽ നിരവധി സേവന പ്രവർത്തങ്ങൾ നടത്തിയിരുന്നു. രോഗ ബാധിതർ, തൊഴിലും വരുമാനവും നഷ്ടപെട്ടവർ, ഉറ്റവരെയും സുഹൃത്തുക്കളെയും എന്നെന്നേക്കുമായി പിരിയേണ്ടി വന്നവർ എന്നിങ്ങനെ ഏവരും നേരിട്ട അനേകം സംഭവങ്ങളുടെ നേർസാക്ഷ്യമാണ് “ദി ഡിസ്റ്റൻസ്” സുവനീറിൽ പ്രതിപാദിക്കുന്നത്.

സഊദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള പ്രമുഖ എഴുത്തുകാർ, പത്രപ്രവർത്തകർ തുടങ്ങി സാമൂഹ്യ രാഷ്ട്രീയ വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ളവരുടെ രചനകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇംഗ്ലീഷ്, മലയാളം, ഉറുദു, കന്നഡ, തമിഴ് എന്നീ ഭാഷകളിൽ നിന്നുള്ള ലേഖനങ്ങൾ, അനുഭവക്കുറിപ്പുകൾ, കഥാവിഷ്‌കാരം, കവിതകൾ, കുട്ടികളുടെ ചിത്ര രചനകൾ സുവനീറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മഹാമാരിയുടെ പിടിയിലമർന്നു ലോകരാജ്യങ്ങൾ പകച്ചു നിന്നപ്പോൾ നിരവധി രാജ്യക്കാർ വസിക്കുന്ന സഊദിയിൽ ഭരണകൂടം കൊവിഡിനെ പ്രതിരോധിക്കാനെടുത്തെ ധീരനടപടികളും സ്വദേശി വിദേശി വിവേചനമില്ലാതെ ചികിത്സയും പരിചരണവും നൽകിയ മാനുഷിക മൂല്യവും മാധ്യമരംഗത്തെ പ്രമുഖർ ലേഖനങ്ങളിൽ പ്രതിപാദിക്കുന്നു.

സാമ്പത്തിക മേഖലയെ തകർത്ത മഹാമാരിക്കിടയിലും സമ്പദ്ഘടനയെ പരിപോഷിപ്പിക്കാൻ സഊദി ഭരണകൂടം കാട്ടിയ ദീർഘവീക്ഷണം സുവനീറിൽ വിവരിക്കുന്നുണ്ട്. വർത്തമാനകാല തലമുറയുടെ ചിന്തയിൽ പോലും ഇല്ലാതിരുന്ന കൊറോണ എന്ന സൂക്ഷ്മാണു കാരണം ലോകമെമ്പാടുമുള്ള കോടിക്കണക്കിനു ജനങ്ങൾ അനുഭവിച്ച ഒറ്റപ്പെടലിന്റെയും ദൈന്യതയുടെയും നേർസാക്ഷ്യങ്ങൾ സാമൂഹ്യ സാംസ്കാരികരംഗത്തെ പ്രഗത്ഭരും പുതുമുഖ പ്രതിഭകളും അനുഭവങ്ങളുടെ വെളിച്ചത്തിൽ വിവരിക്കുന്നു. ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞു കവിയുകയും ചികിത്സയിൽ കഴിയുന്നവർ ശ്വസനവായുവിനു വേണ്ടി കേഴുന്ന ഭീകരമായ ദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും അനുഭവക്കുറിപ്പുകൾ വരച്ചുകാണിക്കുന്നുണ്ട്.

ഉറ്റവർ തമ്മിൽ പോലും അകന്നു നിൽക്കേണ്ടി വന്ന അവസ്ഥയും മുഖാവരണം നിർബന്ധവുമായ സാഹചര്യങ്ങളെ കവിതകളിലൂടെ കോറിയിട്ടതും കുട്ടികളുടെ കോവിഡ് കാല രചനകളും സുവനീർ പ്രസിദ്ധപ്പെടുത്തുന്നു. കൊവിഡ് മഹാമാരിയുടെ പിടിയിലമർന്നു ജീവൻ വെടിഞ്ഞവരുടെ സ്മരണയ്ക്ക് മുന്നിലും സഹജീവികൾക്കു വേണ്ടി ത്യാഗോജ്ജ്വല സേവനം നടത്തിയ ധീര പോരാളികൾക്കുമായി സുവനീർ സമർപ്പിക്കുന്നതായി ചടങ്ങിൽ സംസാരിച്ച ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ് റീജിയണൽ പ്രസിഡന്റ് ബഷീർ ഈങ്ങാപ്പുഴ പറഞ്ഞു.

ഫ്രറ്റേണിറ്റി ഫോറം റിയാദ് റീജിയണൽ സെക്രട്ടറി മുഹമ്മദ്‌ റംജുദ്ദീൻ (തമിഴ്‌നാട്), മുഹമ്മദ്‌ ജാവേദ് പാഷ (ആന്ധ്രാപ്രദേശ്), മുനീബ് പാഴൂര്‍ എന്നിവര്‍ പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു.

Most Popular

error: