Thursday, 12 September - 2024

ഇന്റർനെറ്റ് കാര്യക്ഷമതയിൽ സഊദി അതിവേഗം ബഹുദൂരമെന്ന് റിപ്പോർട്ട്

റിയാദ്: ഇന്റർനെറ്റ് കാര്യക്ഷമതയിൽ സഊദി ഏറെ മുന്നിൽ. ലോകത്തെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് നൽകുന്ന രാജ്യങ്ങളിൽ ആദ്യ രാജ്യങ്ങളുടെ പട്ടികയിൽ സഊദി ഇടം നേടിയതായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ ഗവർണർ ഡോ: മുഹമ്മദ്‌ അൽ തമീമി പറഞ്ഞു. നിലവിൽ രാജ്യത്തെ 99% പ്രദേശങ്ങളും ഇന്റർനെറ്റ് സേവനങ്ങളിൽ ഉൾപ്പെടുന്നുവെന്നും ഇന്റർനെറ്റ് ഉപയോഗത്തിന്റെ വ്യാപനം ജനസംഖ്യയുടെ 97.8% ആയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിവേഗ നെറ്റ് നൽകുന്ന ഒപ്റ്റിക്കൽ ഫൈബർ സേവനം 3.5 ദശലക്ഷത്തിലധികം വീടുകളിൽ എത്തിച്ചിട്ടുണ്ട്. അഞ്ചാം തലമുറ സാങ്കേതികവിദ്യകളെ പിന്തുണയ്ക്കുന്ന 12,000 ലധികം ടവറുകൾ 51 നഗരങ്ങളിലും വിവിധ പ്രദേശങ്ങളിലെ ഗവർണറേറ്റുകളിലും വിന്യസിച്ചിട്ടുണ്ട്. 2019 നെ അപേക്ഷിച്ച് 128% വർദ്ധനവാണിത്. കൂടാതെ കൂടുതൽ നെറ്റ് സംവിധാനം നൽകുന്നതിന്പു 60,000 വൈഫൈ പോയിന്റുകൾ വഴി രാജ്യത്തുടനീളം പൊതു സ്ഥലങ്ങളിൽ സൗജന്യ വൈഫൈ സംവിധാനവും നൽകിന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഗ്ലോബൽ സ്പീഡ് ടെസ്റ്റ് അനുസരിച്ച് മൊബൈൽ ഇൻറർനെറ്റിന്റെ ശരാശരി ഡൌൺലോഡ് വേഗതയിൽ ലോകത്തിലെ മികച്ച 10 രാജ്യങ്ങളിൽ രാജ്യമായി മാറിയെന്ന് സൂചിപ്പിക്കുന്നു. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലെ നിക്ഷേപം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 15 ബല്യൺ ഡോളറിലധികം എത്തി. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ മാർക്കറ്റ് അതിവേഗം വളരുന്നതും മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും വലുതുമാണ്. ടെലികമ്മ്യൂണിക്കേഷൻ മാർക്കറ്റിന്റെ വലുപ്പം 70 ബില്ല്യൺ ആയി കണക്കാക്കപ്പെടുന്നു. ഇൻഫർമേഷൻ ടെക്നോളജി മാർക്കറ്റിന്റെ വലുപ്പം 64 ബില്ല്യൺ, തപാൽ വിപണി 6.4 ബില്ല്യൺ, ടെലികോം കമ്പനികളുടെ വിപണി മൂല്യം 246 ബില്യൺ റിയാലിൽ എത്തുമെന്നും കണക്കുകൾ സൂചിപിക്കുന്നുണ്ട്.

Most Popular

error: