ജിദ്ദ: മലപ്പുറം പാർലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അബ്ദുസ്സമദ് സമദാനിയുടെ വിജയത്തിന് വേണ്ടി കോട്ടക്കൽ മണ്ഡലം കെഎംസിസി തെരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കുന്നു. കോട്ടക്കൽ മണ്ഡലം കെഎംസിസി സെക്രട്ടറിയും എടയൂർ പഞ്ചായത്ത് കെഎംസിസി ജനറൽ സെക്രട്ടറിയുമായ സൈനു കോടഞ്ചേരി രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായിക ഫാസില ബാനുവാണ്.
ഇതിന്റെ ഔപചാരികമായ പ്രകാശനം മാർച്ച് 30 ചൊവ്വാഴ്ച രാത്രി ഒമ്പതു മണിക്ക് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫിസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പരിപാടിയിൽ കെഎംസിസി സെൻട്രൽ – ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് കോട്ടക്കൽ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ അറിയിച്ചു.
കോട്ടക്കൽ സർ ഹിന്ദ് നഗർ സ്വദേശിയായ സമദാനി മുമ്പ് രണ്ടു തവണ രാജ്യസഭാ അംഗവും കോട്ടക്കൽ മണ്ഡലം എം എൽ എയും ആയിട്ടുണ്ട്.