Saturday, 27 July - 2024

പ്രവാചകന്റെ ആകാശ യാത്ര വിശ്വാസികൾക്ക് തിരിച്ചറിവാകണം: അഹമ്മദ് അനസ് മൗലവി

ജിദ്ദ: മക്കയിലെ പരിശുദ്ധ ഹറമിൽ നിന്നും ഫലസ്തീനിലെ മസ്ജിദുൽ അഖ്സയിലേക്കുള്ള പ്രവാചകന്റെ ആകാശയാത്ര അത്യൽഭുതകരമായ ദൃഷ്ടാന്തമാണെന്നും കേവലം യുക്തിയുടെയോ ബുദ്ധിയുടെയോ അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടേണ്ട ഒന്നല്ലെന്നും പ്രവാചകന്റെ സ്വപ്നത്തിൽ സംഭവിച്ച ഒരു കാര്യമല്ലെന്നും വിശ്വാസികൾ തിരിച്ചറിയണമെന്ന് അഹമ്മദ് അനസ് മൗലവി ഉദ്‌ബോധിപ്പിച്ചു. ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിൽ ” ആകാശ യാത്രയുടെ വർത്തമാനങ്ങൾ ” എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്‌റാഅ് എന്നതിന്റെ വിവക്ഷ രാപ്രയാണമാണ്. ഒരു രാത്രിയിൽ മുഴുവൻ നടന്ന കാര്യമല്ല. പ്രത്യുത നാൽപ്പത് രാത്രി വഴി ദൂരമുള്ള സ്ഥലത്തേക്ക് രാത്രിയുടെ അൽപ സമയം മാത്രം ചിലവഴിച്ചു കൊണ്ട് യാത്ര ചെയ്തതാണ് ഇതിലെ ദൃഷ്ടാന്തമായി ഖുർആൻ വിശേഷിപ്പിക്കുന്നത്. പ്രവാചകന് പ്രബോധനം നടത്താൻ അറിവും ആത്മവിശ്വാസവും ഇതിലൂടെ സ്രഷ്ടാവ് വളർത്തിയെടുത്തു എന്നതാണ് ഇത്തരം ദൃഷ്ടാന്തങ്ങളുടെ കാതൽ. നിശാ പ്രയാണത്തിലൂടെ അൽഭുത കാഴ്ചകളുടെ അറിവുമായിട്ടാണ് പ്രവാചകൻ തിരിച്ചു വന്നതും പ്രബോധനം നടത്തിയതും. പ്രവാചകനിൽ നിന്നും ഒരു കാര്യം അറിയിച്ച് കിട്ടിയാൽ അതിൽ സംശയിക്കാത്തവരായിരിക്കണം യഥാർത്ഥ വിശ്വാസികൾ. നിശാ പ്രയാണത്തെ കുറിച്ച് പരിഹസിച്ചവരോട് ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖ് (റ ) പ്രതികരിച്ചത് പ്രവാചകൻ അത് യാഥാർത്ഥ്യമാണ് എന്ന് പ്രവചിച്ചിട്ടുണ്ടെങ്കിൽ താൻ അതിൽ ഒട്ടും സംശയമില്ലാതെ തന്നെ വിശ്വസിച്ചിരിക്കുന്നു എന്ന മറുപടി നമുക്ക് തിരിച്ചറിവാകണമെന്നും അതിനാൽ തന്നെ യാതൊരു ഉപാധിയും കൂടാതെയാണ് പ്രവാചകനെ അനുധാവനം ചെയ്യേണ്ടതും അനസ് മൗലവി ഓർമ്മപ്പെടുത്തി. ഇസ്‌ലാഹി സെന്റർ സെക്രട്ടറി ശിഹാബ് സലഫി സ്വാഗതവും പ്രസിഡണ്ട് അബ്ബാസ് ചെമ്പൻ നന്ദിയും പറഞ്ഞു.

Most Popular

error: