ജിദ്ദ: 37 വർഷത്തെ പ്രവാസ ജീവതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കെഎംസിസി സെൻട്രൽ കമ്മിറ്റി സഹ കാര്യദർശി സി സി കരീമിന് യാത്രയയപ്പും ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സി ചെയർമാൻ ബാബു നഹദിക്ക് ആദരവും സംഘടിപ്പിച്ചു. ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സിയാണ് ഇമ്പാല ഗാർഡൻ വില്ലയിൽ വിപുമായ പരിപാടി സംഘടിപ്പിച്ചത്.
84ൽ ജോലി ആവശ്യാർത്ഥം ജിദ്ദയിലെത്തി മൂന്ന് പതിറ്റാണ്ട് ഒരേ കമ്പനിയിൽ ജോലി തുടർന്ന് ജിദ്ദയിൽ കെഎംസിസി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് സി.സി. കരീം. ജില്ലാ കെഎംസിസി സുരക്ഷാ സ്കീമിൽ ഈ വർഷം മുതൽ ആരംഭിച്ച പ്രവാസ വിരാമ ആനുകൂല്യ വിതരണത്തിന്റെ തുടക്കം സുരക്ഷാ സ്കീമിൽ 21 വർഷക്കാലം തുടർച്ചയായി അംഗത്വം നിലനിർത്തിയ സിസിക്ക് നൽകുന്നതിൽ ചാരിതാർത്ഥ്യം ഉണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ജില്ലാ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
ജീവകാരുണ്യ പദ്ധതികളിലൂടെ മലയാളക്കരയെ പിടിച്ചുയർത്തുന്നതിന് ഉപയോഗപ്പെടുത്തിയത് ഉൾപ്പെടെ നടത്തിയ സേവനങ്ങൾക്കാണ് പിവിസി ഹസൻ സിദ്ദീഖ് എന്ന ബാബു നഹ്ദിയെ ആദരിച്ചത്. നാലു പതിറ്റാണ്ടായി ജിദ്ദയിൽ പ്രവാസം തുടരുന്ന അബ്ദുള്ള ആമിർ നഹ്ദി തൻറെ സ്പോൺസറുമായുള്ള ആത്മബന്ധം ഏറെ കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ്. കൊവിഡ് പ്രതിസന്ധി കാലത്ത് നിരാലംബരായ ഇന്ത്യക്കാർക്ക് കെഎംസിസി മുഖേന സൗജന്യമായി അവശ്യമരുന്ന് എത്തിക്കുന്നതിന് മുഖ്യപങ്കുവഹിച്ചതും, മലപ്പുറം ജില്ലാ കെഎംസിസിയുടെ റിപാട്രിയേറ്റ് മിഷനിലൂടെ ചാർട്ടേഡ് ഫ്ലൈറ്റിൽ യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിന് നേതൃത്വം നൽകിയതും, ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ ദുരിതജീവിതം നയിക്കുന്ന എൺപതിലധികം ആളുകളെ കോൺസുലേറ്റിൻറെ സഹായത്തോടെ നാട്ടിലെത്തിക്കുന്നതിലും ബാബു നേരിട്ട് നേതൃത്വം നൽകിയിട്ടുണ്ട്.
കൊണ്ടോട്ടിയിലെ ഡയാലിസിസ് സെന്ററിന് തുടക്കം കുറിക്കുകയും സ്വന്തം നാട്ടിൽ പതിറ്റാണ്ടുകളായി നൂറുകണക്കിന് കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്ത കൊണ്ടിരിക്കുന്ന ബാബു നഹ്ദിക്കുള്ള സ്നേഹോപഹാരം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര യും സി.സി. കരീമിനുള്ള യാത്രാമംഗളം മലപ്പുറം ജില്ലാ ആക്ടിങ് പ്രസിഡണ്ട് ഇല്യാസ് കല്ലിങ്ങലും സമർപ്പിച്ചു.
കെഎംസിസി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് വി.പി മുസ്തഫ ഉദ്ഘാടനം ചെയ്ത യോഗത്തിൽ, കെ.എം.സി.സി ചെയർമാൻ നിസാം മമ്പാട്, മലയാളം ന്യൂസ് ന്യൂസ് എഡിറ്റർ മുസാഫിർ, ഡോക്ടർ ഇസ്മായിൽ മരുതേരി, അബ്ബാസ് ചെമ്പൻ ,കെ.ടി.എ മുനീർ, ജുബൈൽ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ജാഫർ എം.ടി. എന്നിവർ ആശംസകൾ അർപ്പിച്ചു.
ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതം പറഞ്ഞ പരിപാടിക്ക് ജലാൽ തേഞ്ഞിപ്പാലം നന്ദി പറഞ്ഞു. നാസർ മമ്പുറം ഖിറാഅത്ത് നടത്തി. ജില്ല കമ്മറ്റി ഭാരവാഹികളായ സാബിൽ മമ്പാട്, ഗഫൂർ മങ്കട, സുൽഫിക്കർ ഒതായി, പി.വി അഷ്റഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.