ജിദ്ദ: മുൻപൊരിക്കലും കാണാത്ത രീതിയില്‍ പൂര്‍ണ്ണമായും പ്രവാസി സൗഹൃദ സര്‍ക്കാരായിരുന്നു കഴിഞ്ഞ അഞ്ചു വര്ഷം ഭരിച്ചിരുന്നതെന്ന് ഗുരുവായൂര്‍ എംഎല്‍എ കെ വി അബ്ദുല്‍ ഖാദര്‍ പറഞ്ഞു. നവോദയ യാമ്പു ഏരിയ കമ്മറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെവി. പ്രവാസികളുടെ സര്‍വ്വതോന്മുഖമായ ഉന്നമനം ലക്ഷ്യമാക്കി ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ക്ക് തുടക്കംകുറിച്ചു. പ്രവാസികളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി ചുരുങ്ങിയ പ്രീമിയത്തില്‍ തുടങ്ങിയ പ്രവാസിഇന്‍ഷുറൻസ് ഏവരാലും പ്രശംസിക്കപെട്ടു. കൊവിഡ് പശ്ചാത്തലത്തിൽ നാട്ടിൽ തിരികെയെത്തിയിട്ടുള്ള പ്രവാസികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിച്ചു. നാട്ടില്‍ എത്തി വിദേശത്തെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് 5,000 രൂപ വീതം ധനസഹായം നല്‍കിയെന്നും കൊവിഡ് രോഗത്താല്‍ വലഞ്ഞവര്‍ക്ക് ആശ്വാസമായി 10,000 രൂപ എത്തിച്ചുകൊടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോര്‍ക്ക പ്രവാസി സ്റ്റാര്‍ട്ടപ്പ് പദ്ധതി പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കൈത്താങ്ങായത് 4179 സംരംഭകര്‍ക്കായിരുന്നു. ഈ കാലയളവില്‍ 220.37 കോടി രൂപയാണ് പ്രവാസികളുടെ സ്റ്റാര്‍ട്ട് അപ്പ് പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്. വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിനായി നോര്‍ക്കയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സംയുക്തമായി ആരംഭിച്ച പദ്ധതിയാണിത്.
സംസ്ഥാന സര്‍ക്കാര്‍ പ്രവാസികള്‍ക്ക് സാന്ത്വനം പദ്ധതിയിലൂടെ ചികിത്സക്കായി സാമ്പത്തിക സഹായം നല്‍കി. ചികിത്സാസഹായമായി 50,000 രൂപയും വിവാഹധനസഹായമായി 15,000 രൂപയും മരണാനന്തര ധനസഹായമായി 1,00,000 രൂപയും നല്‍കുന്നതാണ് പ്രവാസികാര്യ വകുപ്പിന്റെ സാന്ത്വനം പദ്ധതി. വീല്‍ചെയര്‍, ക്രച്ചസ്സ് എന്നിവ വാങ്ങാനുള്ള ധനസഹായമായി പരമാവധി 10,000 രൂപയും ഈ പദ്ധതിയിലൂടെ ലഭിക്കും. വിദേശത്തുവെച്ച് മരണമടഞ്ഞ പ്രവാസിയുടെ മൃതശരീരം സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള പ്രത്യേക സഹായ പദ്ധതികൂടിയാണിത്.
മടങ്ങിയെത്തിയ പ്രവാസികളെ തൊഴില്‍ നേടാന്‍ സാഹായിക്കുന്നതിനും തൊഴില്‍ വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനും നൂതന തൊഴില്‍ അഭ്യസിപ്പിക്കുന്നതിനും കൂടിയാണ് ഡ്രീം കേരള പദ്ധതി വിഭാവനം ചെയ്യുന്നത്.
പരിപാടിയില്‍ നവോദയയാമ്പു ഏരിയ പ്രസിഡന്റ് കരുണാകന്‍റെ അധ്യക്ഷതവഹിച്ചു. ആക്ടിംഗ് സെക്രട്ടറി അനീഷ് സുധാകരൻ സ്വാഗതവും ട്രഷറർ സിബിൾ നന്ദിയും പറഞ്ഞു. ജിദ്ദ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, പ്രസിഡന്റ് കിസ്മത്ത് മമ്പാട്, ഏരിയ രക്ഷാധികാരി ഗോപി മന്ത്രവാദി എന്നിവർ പങ്കെടുത്തു.