സഊദിയിൽ റമദാനിലെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

0
2286

റിയാദ്: വിശുദ്ധ റമദാനിൽ രാജ്യത്ത് മുൻകരുതലിനൊപ്പം നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു. ഇത് പ്രകാരം സമൂഹ ഇഫ്‌ത്വാറുകൾക്ക് അനുമതി ഉണ്ടാകുകയില്ല. ആഭ്യന്തരം, ആരോഗ്യം, മുനിസിപ്പല്‍-റൂറല്‍ അഫയേഴ്‌സ്, ഇസ്‌ലാമികകാര്യം, ടൂറിസം തുടങ്ങിയ മന്ത്രാലയങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ചേര്‍ന്ന് തയ്യാറാക്കിയ റമദാന്‍-ഈദ് കൊവിഡ് പ്രതിരോധ പദ്ധതിയിലാണ് ഈ നിര്‍ദ്ദേശങ്ങളുള്ളത്. പള്ളികളിൽ ഇഅ്തികാഫിനും അനുമതി ഉണ്ടാകുകയില്ല.

ഇതോടൊപ്പം, പള്ളികളിലെ ഇഫ്ത്വാറും അത്താഴ വിതരണത്തിനും വിലക്കുണ്ട്. തിരക്ക് കുറക്കുന്നതിനായി പെരുന്നാൾ നമസ്‌കാരം നടക്കുന്ന കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കും. പ്രാര്‍ഥനയ്‌ക്കെത്തുന്നവര്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഇസ്‌ലാമിക കാര്യ മന്ത്രാലയം കൃത്യമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഓപ്പൺ ബുഫെയും വിലക്കിയിട്ടുണ്ട്. റസ്‌റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും ഹോം ഡെലിവറി സമ്പ്രദായവും പാര്‍സല്‍ സേവനവും തുടരാം. ഇഫ്ത്വാർ വേളകളിലേക്ക് ആവശ്യമായ ഭക്ഷണത്തിന് കാത്തിരിക്കേണ്ട സ്ഥിതി ഒഴിവാക്കുന്നതിനായി വാഹനങ്ങള്‍ വഴിയുള്ള ഡെലിവറി സമ്പ്രദായം കാര്യക്ഷമമാക്കും.

അതേസമയം, റമദാനില്‍ ഷോപ്പിംഗ് സെന്ററുകള്‍ക്ക് 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ അനുവാദം നല്‍കിയിട്ടുണ്ട്. പക്ഷെ കര്‍ശനമായ വ്യവസ്ഥകളോടെയാണ് അനുമതി.

LEAVE A REPLY

Please enter your comment!
Please enter your name here