റിയാദ്: അതിശക്തമായ കാറ്റും തിരയും മൂലം ഡോൾഫിനുകൾ കൂട്ടമായി തീരത്തണഞ്ഞു. ഉംലുജിലാണ് നിരവധി ഡോൾഫിനുകൾ കരക്കടിഞ്ഞത്. അധികൃതരുടെയും പ്രദേശ വാസികളുടെയും ഇടപെടൽ മൂലം ഇവയിൽ ഏതാനും ഡോൾഫിനുകളെ രക്ഷപ്പെടുത്തിയെങ്കിലും ഏതാനും ചിലത് ജീവൻ വെടിഞ്ഞു. ഇന്ന് രാവിലെയാണ് ഉംലുജ് തീരത്ത് കൂട്ടമായി ഡോൾഫിനുകൾ അടിഞ്ഞത്. നാൽപതോളം ഡോൾഫിനുകളാണ് ഇവിടെ കരക്കടിഞ്ഞത്. പ്രദേശ വാസികൾ അറിയിച്ചതനുസരിച് ദേശീയ വന്യജീവി വികസന കേന്ദ്രവും പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയത്തിലെ ഫിഷറീസ് ജനറൽ അഡ്മിനിസ്ട്രേഷനും ചേർന്ന് ഇവയെ രക്ഷപ്പെടുത്തുകയായിരുന്നു.
ലോകത്തെ വിവിധ ഭാഗങ്ങളിൽ ഇത്തരം പ്രതിഭാസങ്ങൾ കണ്ടെത്താറുണ്ടെന്നും സമുദ്ര സസ്തനികളെ ഇടയ്ക്കിടെ ബീച്ചുകളിൽ കുടുങ്ങാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ കണ്ടെത്തുന്നതിന് ഈ മേഖലയിൽ നിരവധി ശാസ്ത്രീയ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ദേശീയ വന്യജീവി വികസന കേകേന്ദ്രം സി ഇ ഒ ഡോ: മുഹമ്മദ് ഖുർബാൻ പറഞ്ഞു. സംഭവം റിപ്പോർട്ടുചെയ്യുന്നതിലെ ഇടപെടലിനും ഡോൾഫിനുകൾ സംരക്ഷിക്കുന്നതിൽ പ്രദേശവാസികൾ നൽകിയ പിന്തുണക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. അതേസമയം, ഡോൾഫിനുകളിൽ ഏഴെണ്ണത്തിന്റെ ജീവൻ നഷ്ടമായി. ബാക്കിയുള്ളവയെയാണ് കടലിലേക്ക് തന്നെ സുരക്ഷിതമായി എത്തിച്ചത്.
വീഡിയോ