Monday, 11 November - 2024

സഊദിയിലേക്ക് ബഹ്‌റൈൻ വഴി വരുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ യാത്ര മുടങ്ങിയേക്കും, പലരെയും തിരിച്ചയതായി റിപ്പോർട്ട്

മനാമ: സഊദിയിലേക്ക് ബഹ്‌റൈൻ വഴി എത്തുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ ബഹറിനിൽ ഇറങ്ങാൻ കഴിയില്ലെന്ന് മുന്നറിയിപ്പ്. ബഹറിനിൽ എത്തിയ ഏതാനും പേരെ ചില കാരണങ്ങളാൽ തിരിച്ചയച്ചതായാണ് റിപ്പോർട്ട്. ദുബൈ വഴിയും മറ്റും ബഹറിനിൽ എത്തിയ മലയാളികൾ അടക്കമുള്ള യാത്രക്കാരെയാണ് ബഹറിനിൽ ഇറങ്ങാൻ അനുവദിക്കാതെ മടക്കി അയച്ചത്. ഒമാനിൽ നിന്ന് സഊദിയിലേക്ക് വരാനായി ദുബൈ വഴി ബഹറിനിൽ എത്തിയവരും ഇത്തരത്തിൽ കുടുങ്ങിയതായും റിപ്പോർട്ടുകളിൽ പറയുന്നു. നിയമങ്ങൾ കർശനമാക്കിയതോടെയാണ് ഇവർക്ക് ബഹറിനിൽ ഇറങ്ങാൻ സാധിക്കാതിരുന്നതെന്നാണ് വിവരം.

യുഎഇ യിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ളവർ ഓൺ അറൈവൽ വിസയിൽ ബഹറിനിലേക്ക് പ്രവേശിക്കാനായി ബഹറിനിൽ ഇറങ്ങിയയപ്പോഴാണ് മനാമ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഇവരെ പുറത്തിറങ്ങാൻ അനുവദിക്കാത്തിരുന്നത്. ഇത്തരത്തിൽ എത്തിയ നൂറോളം പേരെ തിരിച്ചയച്ചതായും റിപ്പോർട്ടുകളില്‍ പറയുന്നു. ഒമാനിൽ നിന്ന് ദുബൈ വഴി എത്തിയ ഏതാനും പേരും മടക്കി അയച്ചവരിൽ ഉൾപ്പെടും. ഒമാനിൽ നിന്ന് ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം ഇവർക്ക് നേരിട്ട് സഊദിയിലേക്ക് വരാൻ സാധിക്കുമായിരുന്നെങ്കിലും ചിലവ് കുറക്കാൻ ട്രാവൽസ് കാണിച്ച കുറുക്കു വഴിയാണ് വിനയായത്. ഒടുവിൽ ഇവർക്ക് ബഹറിനിൽ നിന്ന് ദുബൈയിലേക്കും അവിടെ നിന്ന് കേരളത്തിലേക്കും ടിക്കറ്റ് എടുത്താൽ ഇവരെ മടക്കി അയക്കാമെന്നു അധികൃതർ അറിയിച്ചതിനെ തുടർന്ന് ഈ രൂപത്തിൽ ടിക്കറ്റ് എടുത്ത ശേഷമാണ് ഇവർക്ക് ബഹറിനിൽ നിന്ന് മടങ്ങാനായത്. മൂന്ന് ദിവസം വരെ പലർക്കും ഇവിടെ കഴിയേണ്ടി വന്നിട്ടുണ്ട്.

നിലവിൽ ഡോക്ടർ, എൻജിനീയർ, ആരോഗ്യപ്രവർത്തകർ, നയതന്ത്ര ഉദ്യോഗസ്ഥർ, ജേണലിസ്റ്റ്, മാനേജർ തസ്തികയ്ക്കു മുകളിലുള്ളവർ തുടങ്ങി ഉന്നത പ്രൊഫഷണലുകൾക്കു മാത്രമാണ് ഓൺ അറൈവൽ വിസ നൽകുന്നത്. നേരത്തെ, മറ്റു പല ഉയർന്ന പ്രൊഫഷനുകൾക്കും ഓൺ അറൈവൽവിസ നൽകിയിരുന്നു. വളരെ താഴ്ന്ന വിസക്കാർക്കും പലപ്പോഴും വിസ ലഭ്യമായിരുന്നു. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ കർശന നിലപാട് സ്വീകരിച്ചതോടെയാണ് പലർക്കും തിരിച്ചു പോകേണ്ടി വന്നത്. നിലവിൽ കുവൈത്ത്, ഒമാൻ, സഊദി അറേബ്യ, യുഎഇ രാജ്യങ്ങളിലെ വിസക്കാർക്ക് ബഹ്റൈനിൽ പ്രൊഫഷൻ അനുസരിച്ചു ഓൺഅറൈവൽ വിസ ലഭിക്കും. എന്നാൽ, ഇക്കാര്യത്തിൽ ഉറപ്പ് വരുത്തിയ ശേഷമേ യാത്ര ക്രമീകരിക്കാവൂ. അല്ലെങ്കിൽ, ഭീമമായ പണം മുടക്കി ഇവിടെ എത്തിയ ശേഷം വീണ്ടും മടക്കത്തിനുള്ള പണവും കണ്ടെത്തേണ്ടി വരും. ശ്രദ്ധ നൽകിയില്ലെങ്കിൽ വൻ സാമ്പത്തിക, മാനസിക, സമയ നഷ്ട ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും.

ബഹ്റൈനിലേക്കു വരുന്നതിനു മുൻപ് വ്യക്തിഗത, വിസ വിവരങ്ങൾ നൽകിയാൽ ഓൺ അറൈവൽ വിസയ്ക്കു അർഹരാണോ എന്നറിയാം. ഇക്കാര്യം ഉറപ്പുവരുത്തിയ ശേഷമേ ബഹ്റൈനിലേക്കു ടിക്കറ്റെടുത്ത് വരാവൂ. https://www.evisa.gov.bh/VISA/visaInput?nav=A0S&A0S=a എന്ന ലിങ്കിൽ കയറിയാൽ ഇവ അറിയാവുന്നതാണ്.

………………………………………………………………………………………………….

ഗൾഫ് ന്യൂസ്‌ വാർത്തകൾക്ക് വാട്സാപ്പിൽ ജോയിൻ ചെയ്യാൻ 👇

https://chat.whatsapp.com/LjFwNhcipzv6Jf9YM5xpxK

 

Most Popular

error: