റിയാദ്: സഊദി അറേബ്യ തദ്ദേശീയമായി രൂപകൽപ്പന ചെയ്തു വികസിപ്പിച്ച സാറ്റലൈറ്റുകളുടെ വിക്ഷേപണം മാറ്റിവെച്ചു. സഊദി ശാസ്ത്രജ്ഞർ സ്വന്തമായി നിർമ്മിച്ച ശാഹീൻ സാറ്റ്, ക്യൂബ് സാറ്റ് എന്നീ സാറ്റലൈറ്റുകളുടെ വിക്ഷേപണമാണ് അവസാന നിമിഷം മാറ്റിയത്. ശനിയാഴ്ച രാവിലെ കസാക്കിസ്ഥാനിൽ നിന്ന് കുതിച്ചുയരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. സാറ്റലൈറ്റ് വിക്ഷേപിക്കുന്ന റഷ്യയുടെ സോയൂസ് 2.1a റോക്കറ്റ് വിക്ഷേപണം നീട്ടി വെക്കുകയായിരുന്നു. പുതിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കും.
കസാലകിസ്ഥാനിലെ സ്‌പേസ് സെന്ററിൽ നിന്ന് പതിനെട്ടു രാജ്യങ്ങളിൽ നിന്നുള്ള 38 സാറ്റലൈറ്റുകൾ വിക്ഷേപിക്കാനായിരുന്നു സോയൂസ് റോക്കറ്റ് പദ്ധതിയിട്ടിരുന്നത്. ഇതിനായി റോക്കറ്റിൽ ഇന്ധനം നിറക്കുകയും മറ്റു നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വിക്ഷേപണം നീട്ടി വെച്ചത്.
ശാസ്ത്രീയ ആവശ്യങ്ങൾക്കുള്ള സാറ്റലൈറ്റുകളിൽ ഒന്ന് കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആന്റ് ടെക്‌നോളജിയിലെയും രണ്ടാമത്തേത് കിംഗ് സൗദ് യൂനിവേഴ്‌സിറ്റിയിലെയും ശാസ്ത്രജ്ഞരാണ് വികസിപ്പിച്ചത്. പത്തു സെന്റീമീറ്റർ വീതം നീളവും വീതിയും ഉയരവുമുള്ള, ഒരു കിലോ ഭാരമുള്ള ക്യൂബ് രൂപത്തിലുള്ള സാറ്റലൈറ്റ് ആണ് കിംഗ് സഊദ് യൂനിവേഴ്‌സിറ്റി നിർമിച്ചിരിക്കുന്നത്.
ക്യൂബ് രൂപത്തിലുള്ള സാറ്റലൈറ്റ് വിക്ഷേപിക്കുന്ന ആദ്യ സഊദി സർവകലാശാലയാണ് കിംഗ് സൗദ് യൂനിവേഴ്‌സിറ്റി. ചെറുതും വലുതുമായ സാറ്റലൈറ്റുകളുമായും ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനുമായും ആശയവിനിമങ്ങൾ നടത്താൻ സാധിക്കുന്ന ഭൗമനിലയം കിംഗ് സഊദ് യൂനിവേഴ്‌സിറ്റിയിലുണ്ട്.
ബഹിരാകാശ വ്യവസായവുമായി ബന്ധപ്പെട്ട മേഖലകൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ശാസ്ത്രീയ ദൗത്യങ്ങൾ ഏറ്റെടുത്തതിന് കിംഗ് സഊദ് സർവകലാശാലയെ അഭിനന്ദിക്കുന്നതായും രാജ്യത്ത് ഈ മേഖലയിൽ മികച്ച മുന്നേറ്റങ്ങളും നേട്ടങ്ങളും നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സഊദി സ്‌പേസ് കമ്മീഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ബഹിരാകാശ പ്രവർത്തനങ്ങൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും നേതൃത്വ സ്ഥാനത്ത് തുടരാൻ രാജ്യം അർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫ് ന്യൂസ് വാർത്തകൾക്ക് വാട്സാപ്പിൽ ജോയിൻ ചെയ്യാൻ 👇