റിയാദ്: സഊദിക്ക് പുറത്തു നിന്നും വരുന്ന യാത്രക്കാരുടെ കൈവശമുള്ള സ്വകാര്യ വസ്‌തുക്കൾ 3000 റിയാലിന് മുകളിലുള്ളതാണെങ്കിൽ കസ്റ്റംസ് ഡ്യൂട്ടി അടക്കണമെന്ന് സഊദി കസ്റ്റംസ് അറിയിച്ചു. പുതിയ വസ്തുക്കൾക്ക് മാത്രമാണ് നികുതി അടക്കേണ്ടത്. ഉപയോഗിച്ച വ്യക്തിപരമായ വസ്തുക്കൾക്ക് കസ്റ്റംസ് തീരുവ ബാധകമല്ലെല്ലെന്നും കസ്റ്റംസ് അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് 15 ശതമാനം മൂല്യവർധിത നികുതിയും (വാറ്റ്) നൽകേണ്ടതുണ്ടെന്നും കസ്‌റ്റംസ് പറഞ്ഞു.
ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഏകീകൃത ഇലക്ട്രോണിക് സേവന നിയമം പ്രയോഗിക്കുന്നത് ആരംഭിക്കുന്നതുവരെ ഷിപ്പിംഗ് ഫീസ്, കസ്റ്റംസ് ഫീസ്, മറ്റേതെങ്കിലും ഫീസ് എന്നിവയും ഉണ്ടായിരിക്കും. അംഗീകൃത അനുമതിയോടെ സഊദിയിൽ പ്രവേശിക്കുന്ന വിദേശ വാഹനങ്ങൾക്ക് രാജ്യത്ത് തുടരാനുള്ള പരമാവധി സമയം മൂന്ന് മാസമാണെന്നും ഈ കാലയളവ് കഴിഞ്ഞാൽ ഓരോ ദിവസത്തിനും 20 റിയാൽ വെച്ച് പിഴ ചുമത്തുമെന്നും എന്നാലിത് പരമാവധി വാഹനത്തിന്റെ വിലയുടെ 10 ശതമാനമായിരിക്കുമെന്നും കസ്റ്റംസ് വ്യക്തമാക്കി.