Sunday, 6 October - 2024

ആര്‍.എസ്സ്.എസ്സ്ന്‍റെ മത ഭീകരവാദത്തിനു ബദല്‍ ഇടതു പക്ഷം മാത്രം: കോടിയേരി ബാലകൃഷ്ണന്‍

ജിദ്ദ: രാജ്യത്തെ മത രാഷ്ട്രമാക്കാനുള്ള ആര്‍എസ്സ്എസ്സ് അജണ്ടക്കെതിരെയുള്ള വിധിയെഴുത്തായിരിക്കും നിയമ സഭാ തിരെഞ്ഞെടുപ്പില്‍ പ്രതിഫലിക്കുയെന്ന് മുന്‍ അഭ്യന്തര മന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജിദ്ദ നവോദയ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയുടെ പരമപ്രധാനമായ ഒരു തെരഞ്ഞെടുപ്പിലൂടെ കേരളം കടന്നുപോവുന്നത്. ജീവന്‍റെ വിലയുള്ള ജാഗ്രതയിലൂടെയാണ് കൊവിഡ് 19നെ നാം പ്രതിരോധിച്ചുകൊണ്ടിരിക്കുന്നത്. അതേ ജാഗ്രത തന്നെ നിയമസഭാ തെരഞ്ഞെടുപ്പിലും ആവശ്യമാണെന്നും കോടിയേരി പറഞ്ഞു.

മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്മ്യുണിസ്റ്റ്കളുമില്ലാത്ത ഇന്ത്യയാണ് ആര്‍എസ്സ്എസ്സ് വിഭാവനം ചെയ്യുന്നത്. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കലാണ് അവരുടെ ലക്‌ഷ്യം. ഹിന്ദു വികാരങ്ങള്‍ ഉയര്‍ത്തി രാജ്ജ്യം പൂര്‍ണ്ണമായും കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമാക്കുന്നു. മതേതരത്വം പറഞ്ഞു മുതലാളിത്വം നടപ്പിലാക്കലാക്കുകയായിരുന്നു കോൺഗ്രസ്സ് ചെയ്തിരുന്നത്. എന്നാല്‍ മതത്തെ ഉപയോഗപ്പെടുത്തി രാജ്യത്തെ മുഴുവനായും കോര്‍പ്പറെറ്റുകള്‍ക്ക് വില്‍ക്കുകയാണ് ബി ജെ പി. ഇത് രണ്ടും രാജ്യത്ത് വലിയ വിപത്താണ് വരുത്തുന്നത് എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മൃദു ഹിന്ദുത്വമാണ് ആര്‍.എസ്സ്.എസ്സ്ന്‍റെ തീവ്രതക്ക് പകരം എന്നതാണ് കോൺഗ്രസ്സ് ധരിക്കുന്നത്. അതുകൊണ്ട് തന്നെ ബിജെപി യെ ശരിയായ രീതിയില്‍ എതിര്‍ക്കാന്‍ അവര്‍ക്കാകുന്നില്ല. ജനങ്ങള്‍ വിജയിപ്പിച്ച കോണ്ഗ്രസ്സകാരില്‍ പലരും സംഘപരിവാറിലേക്ക് ചേക്കേറുന്നു. കോൺഗ്രസിന് നല്‍കുന്ന വോട്ടുകള്‍ തത്വത്തില്‍ ബിജെപിയെ വളര്‍ത്താന്‍ ഉപകാരമാകുന്നു. ഇതിനു പരിഹാരം ഇടതുപക്ഷമാണന്ന്ഇന്ത്യക്ക് ആകമാനം ബോധ്യമായിട്ടുണ്ട്. അതുകൊണ്ട്തന്നെ ഈ തിരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഉജ്ജ്വല വിജയം കൈവരിക്കും എന്നും അദ്ധേഹം പറഞ്ഞു.

സഊദിയുടെ വിവിധ ഭാഗങ്ങളില്‍നിന്നും നൂറുകണക്കിന് പ്രവാസികള്‍ പരിപാടിയില്‍ പങ്കെടുത്തു. ഇടതുപക്ഷമുന്നണിയുടെ വിജയത്തിനായി സമഗ്രമായ പ്രചാരണ പരിപാടികള്‍ പ്രവാസലോകത്ത് തുടങ്ങിക്കഴിഞ്ഞതായി മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം പറഞ്ഞു. തുടർ ദിവസങ്ങളിൽ വടക്കൻ മേഖല, മധ്യ മേഖല, തെക്കൻ മേഖല കൺവെൻഷനുകൾ നടക്കുമെന്നും അതിനു ശേഷം നിയോജക മണ്ഡലം കൺവെൻഷനുകൾ ഉണ്ടാമെന്നും അദ്ദേഹം അറിയിച്ചു. യോഗത്തില്‍ ജിദ്ദ നവോദയ പ്രസിഡണ്ട് കിസ്മത്ത് മമ്പാട് ആധ്യക്ഷം വഹിച്ചു. മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം , മുന്‍ മുഖ്യരക്ഷാധികാരി വി. കെ. റഊഫ്, ജല ജിസ്സാന്‍ പ്രസിഡണ്ട് ഡോ. മുബാറക്ക്‌ സാനി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര സ്വാഗതവും ട്രഷറര്‍ സി എം അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.

 

 

Most Popular

error: