റിയാദ്: സഊദിയിൽ പുതിയ ഹജ്ജ് ഉംറ വകുപ്പ് കാര്യ മന്ത്രിയായി ഡോ: ഇസ്സാം ബിൻ സഅദ് ബിൻ സഈദിനെ സൽമാൻ രാജാവ് പ്രഖ്യാപിച്ചു. ഡോ: മുഹമ്മദ് സാലിഹ് ബിൻ താഹിർ ബിൻതനെ മാറ്റിയാണ് പകരം ഇസ്സാം ബിൻ സഅദ് ബിൻ സഈദിനെ സൽമാൻ രാജാവ് പ്രഖ്യാപിച്ചത്. നിലവിൽ മന്ത്രിസഭയിൽ വഹിക്കുന്ന സ്ഥാനങ്ങൾക്ക് പുറമെയാണ് പുതിയ ഉത്തരവാദിത്വം ഏൽപ്പിച്ചതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്ത സഊദി ഭരണാധികാരിയുടെ ഉത്തരവിൽ പറയുന്നു.
കൂടാതെ, മറ്റേതാനും ഉത്തരവുകൾ കൂടി സൽമാൻ രാജാവ് പുറപ്പെടുവിച്ചിട്ടുണ്ട്. സുപ്രീം അഡ്മിനിസ്ട്രെറ്റീവ് കോർട്ട് പ്രസിഡന്റ് ഇബ്റാഹീം ബിൻ സുലൈമാൻ ബിൻ അബ്ദുള്ളാഹ് അൽ റഷീദിന് പകരം അലി ബിൻ സുലൈമാൻ ബിൻ അലി അൽ സആവിയെ മന്ത്രി റാങ്കോടെ നിയമിച്ചു. സിവിൽ എവിയേഷൻ അതോറിറ്റി (ഗാക) ചെയർമാൻ അബ്ദുൽ ഹാദി ബിൻ അഹ്‌മദ് ബിൻ അബ്ദുൽ വഹാബ് അൽ മൻസൂരിക്ക് പകരം അബ്ദുൽ അസീസ് ബിൻ അബ്ദുള്ളാഹ് ബിൻ അബ്ദുൽ അസീസ് അൽ ദുഐലിജിനെയും നിയമിച്ചതായും രാജ കൽപ്പനയിൽ പറയുന്നു.
കൂടാതെ, സിവിൽ സർവീസിനായി മാനവ വിഭവശേഷി സാമൂഹിക വികസന ഉപമന്ത്രിയായി മാഹിർ ബിൻ അബ്ദുറഹ്മാൻ ബിൻ ഇബ്രാഹീം, ഗതാഗത ഉപ മന്ത്രിയായി അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ അരീഫിയെയും മന്ത്രിസഭയുടെ ജനറൽ സെക്രട്ടേറിയറ്റിലെ ഉപദേഷ്ടാവായി ഡോ: സാമിർ ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽ തബീബിനെയും നിയമിച്ചു.