ചെന്നൈ: സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തില്‍ സംഘപരിവാറിന് ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ നല്‍കി രക്ഷപ്പെട്ടവരുടെ പാരമ്പര്യം മാത്രമാണെന്ന് വീണ്ടും വെളിപ്പെടുത്തൽ. ബ്രിട്ടീഷ് തടങ്കലില്‍ നിന്ന് രക്ഷതേടി മാപ്പെഴുതി കൊടുത്ത ആര്‍എസ്എസ് നേതാവ് സവര്‍ക്കറുടെ പാത തന്നെയാണ് പിന്നീട് വന്ന നേതാക്കളും പിന്തുടര്‍ന്നതെന്നാണ് വെളിപ്പെടുത്തൽ. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അറസ്റ്റിലായപ്പോള്‍ ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്‌പേയി മാപ്പപേക്ഷ നല്‍കി രക്ഷപ്പെടുകയായിരുന്നെന്ന് പ്രമുഖ ചരിത്ര പണ്ഡിതനും ബോംബെ ഐ.ഐ.ടി മുന്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസറുമായ രാം പുനിയാനി. മദ്രാസ് കൊറിയറില്‍ എഴുതിയ ലേഖനത്തിലാണ് വായ്‌പേയിയുടെ മാപ്പപേക്ഷയെ കുറിച്ച് രാംപുനിയാനി വെളിപ്പെടുത്തിയത്.
എ അബ്ദുല്‍ സത്താര്‍ ജന്മനാടായ ബടേശ്വറില്‍ ബ്രിട്ടീഷ് വിരുദ്ധ പ്രകടനം നടന്നപ്പോള്‍ കാഴ്ചക്കാരനായി വാജ്‌പേയിയും ഉണ്ടായിരുന്നു. സമരക്കാരെ ലാത്തിച്ചാര്‍ജ് ചെയ്ത് നീക്കിയ പോലിസ് പ്രക്ഷോഭകര്‍ക്കൊപ്പം നീങ്ങിയ വാജ്‌പേയിയെയും അറസ്റ്റ് ചെയ്തു. ജയിലില്‍നിന്ന് പുറത്തുകടക്കാന്‍ അതിവേഗം മാപ്പപേക്ഷ നല്‍കിയെന്നു മാത്രമല്ല, സമരക്കാരുടെ ഭാഗമല്ലെന്നും അതില്‍ പ്രത്യേകം പറഞ്ഞു. സമരത്തിന് നേതൃത്വം നല്‍കിയവരുടെ പേരുകള്‍ കൂടി പോലിസിനെ അറിയിക്കുകയും ചെയ്താണ് രക്ഷപ്പെട്ടതെന്ന് രാം പുനിയാനി പറയുന്നു. സ്വാതന്ത്ര്യ സമരത്തില്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍എസ്എസ്) പങ്കാളിത്തം അവകാശപ്പെടാറുണ്ടെങ്കിലും ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് രാജിനു കീഴിലെ ബോംബെ സര്‍ക്കാര്‍ തയാറാക്കിയ കുറിപ്പില്‍ നേരെ തിരിച്ചു പറയുന്നതായും ലേഖനത്തിലുണ്ട്. ”നിയമം പാലിച്ച് മുന്നോട്ടുപോകുന്നതില്‍ കണിശത സൂക്ഷിച്ച സംഘ് 1942ല്‍ ആഗസ്റ്റില്‍ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളില്‍നിന്ന് വിട്ടുനിന്നിട്ടുണ്ട്” സര്‍ക്കാര്‍ കുറിപ്പ് പറയുന്നു.
സ്വാതന്ത്ര്യ സമരത്തെ ആ പേരിനു പകരം ”പ്രാദേശിക ദേശീയവാദം’ എന്നു വിളിക്കണമെന്നായിരുന്നു ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കറുടെ ആവശ്യം. ‘വിചാരധാര’ എന്ന തന്റെ പുസ്തകത്തിലാണ് ഈ പരാമര്‍ശം. സൈനിക പരിശീലനവും യുനിഫോമും ഒഴിവാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം ആര്‍എസ്എസ് പാലിച്ചിരുന്നതായും രാം പുനിയാനി ലേഖനത്തില്‍ പറയുന്നു. ആര്‍.എസ്.എസ് നേതാക്കളില്‍ വിനായക് ദാമോദര്‍ സവര്‍കറും ഹെഡ്‌ഗേവാറും സമരത്തിന്റെ ഭാഗമായിരുന്നതും ലേഖനം ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍, ആന്തമാന്‍ ജയിലിലായ സവര്‍കര്‍ അതിവേഗം മാപ്പപേക്ഷ നല്‍കി രക്ഷപ്പെടുകയായിരുന്നു. പിന്നീട് സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായിട്ടില്ല. പകരം, ബ്രിട്ടീഷുകാര്‍ക്കുവേണ്ടി സൈനികരെ റിക്രൂട്ട് ചെയ്യുന്ന ജോലി ഏറ്റെടുക്കുകയായിരുന്നു.