തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാ തീയതി ഒടുവില്‍ മാറ്റി. ഏപ്രില്‍ എട്ടു മുതല്‍ 30 വരെയാണ് പുതുക്കിയ തീയതി. പുതുക്കിയ പരീക്ഷാക്രമം ഉടന്‍ പ്രസിദ്ധീകരിക്കും. ഈ മാസം 17ന് തന്നെ തുടങ്ങാനിരുന്ന പരീക്ഷയാണ് ഏപ്രില്‍ എട്ടിലേക്കു മാറ്റിയത്. തിരഞ്ഞെടുപ്പ് ജോലികള്‍ കണക്കിലെടുത്താണ് മാറ്റിയത്. ഏപ്രില്‍ 6ന് പോളിങ് അവസാനിച്ച ശേഷം പരീക്ഷ എട്ടിന് ആരംഭിക്കും.17നു തന്നെ പരീക്ഷ തുടങ്ങാനുള്ള ഒരുക്കവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറെടുത്തിരുന്നു.
ബുധനാഴ്ചയോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്നാണ് തീരുമാനം വന്നത്. പരീക്ഷകള്‍ മാറ്റാന്‍ കേന്ദ്ര ഇലക്ഷന്‍ കമ്മിഷന്‍ അനുമതി നല്‍കുകയായിരുന്നു. പരീക്ഷ മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷ 17ന് ആരംഭിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങിയിരുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പരീക്ഷ മാറ്റി വെക്കാന്‍ അനുമതി തേടി അപേക്ഷ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഇത് പരിഗണിച്ചാണിപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയുണ്ടായിരുക്കുന്നത്.