റിയാദ്: സഊദിയിൽ എത്രയും പെട്ടെന്ന് തന്നെ മുഴുവൻ ആളുകളിലേക്കും വാക്‌സിൻ എത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി വ്യാപകമായ വാക്‌സിനേഷൻ ആരംഭിച്ചു. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ഇരുപത്തിനാല് മണിക്കൂറും വാക്‌സിനേഷൻ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതടക്കമുള്ളവ പ്രാബല്യത്തിലാക്കിയിട്ടുണ്ട്. കൂടാതെ, മുഴുവൻ സ്വകാര്യ ആശുപത്രി, ക്ലിനിക്കുകളും ഏതാനും ഫാർമസികളിലും വാക്‌സിനേഷൻ നൽകുന്നതിന് മന്ത്രാലയം ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ അനുമതി നൽകിയിട്ടുണ്ട്.
ആരോഗ്യ മന്ത്രാലയത്തിന്റെ “സ്വിഹതി” ആപ്പിൽ നേരത്തെ ബുക്ക് ചെയ്‌തവരിൽ പെന്റിങ് കാണിച്ചവർക്കും ഇപ്പോൾ അപ്പോയിന്റ്മെന്റ് എടുക്കാനുള്ള അവസരങ്ങൾ ആരംഭിച്ചിട്ടുണ്ട്. നേരത്തെ ബുക്ക് ചെയ്തവർക്ക് ചിലയിടങ്ങളിൽ ഇത് വരെ വാക്‌സിൻ സ്വീകരിക്കാനായി കാത്തിരിക്കാനായിരുന്നു സന്ദേശം. എന്നാൽ ഇപ്പോൾ ഇവർക്ക് സമയവും വാക്‌സിൻ സ്വീകരണ കേന്ദ്രങ്ങളും തിരഞ്ഞെടുക്കാനും സാധിക്കും. സ്വകാര്യ കമ്പനികളും ചില ആശുപത്രികളുമായും തങ്ങളുടെ തൊഴിലാളികൾക്ക് വാക്‌സിൻ നൽകാനുള്ള സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.