Saturday, 9 November - 2024

ഇടതുസർക്കാരിന്റെ വികസനസ്‌പർശം ചെന്നെത്താത്ത ഒരു കുടുംബം പോലും കേരളത്തിൽ ഉണ്ടാകില്ല: മന്ത്രി വി എസ് സുനിൽ കുമാർ

ദമാം: കിഴക്കൻ സഊദിയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഓൺലൈനിൽ സംഘടിപ്പിച്ച നിയമസഭ തെരഞ്ഞെടുപ്പ് കൺവെൻഷൻ കേരളസംസ്ഥാന കൃഷിമന്ത്രി വി എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജാതി,മത,രാഷ്ട്രീയ പരിഗണനകൾ നോക്കാതെ കേരളസമൂഹത്തിന്റെ എല്ലാ ശ്രേണിയിലുമുള്ള ജനങ്ങളെ ചേർത്തുപിടിച്ച ഒരു സർക്കാരാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ എന്ന് അദ്ദേഹം പറഞ്ഞു.
ഈ സർക്കാരിന്റെ വികസനസ്പർശം ചെന്നെത്താത്ത ഒരു കുടുംബം പോലും ഇന്ന് കേരളത്തിൽ ഉണ്ടാകില്ല. രാഷ്ട്രീയകാരണങ്ങളാൽ കേരളത്തോടുണ്ടായ കേന്ദ്രസർക്കാരിന്റെ അവഗണനയും, നിപ്പയും, പ്രളയവും, കൊറോണയും പോലുള്ള പ്രതിസന്ധികളും ഒക്കെ ഉണ്ടായിട്ടും, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഭവനം, പൊതുമരാമത്ത്, വ്യവസായം, സാമൂഹ്യക്ഷേമം, പ്രവാസി ക്ഷേമം എന്നിങ്ങനെ കേരളത്തിന്റെ സമസ്ത മേഖലകളിലും ഇന്ന് വരെ കാണാത്ത വികസനത്തിന്റെ ഒരു പുതിയ സംസ്ക്കാരമാണ് അഞ്ചു വർഷം കൊണ്ട് ഈ സർക്കാർ സൃഷ്ട്ടിച്ചത്. അത്തരം ഒരു ജനകീയ സർക്കാരിന്റെ ഭാഗമായി പ്രവർത്തിയ്ക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

ജാതിമതശക്തികളുടെ പാദസേവ ചെയ്തും, അഴിമതിയുടെ പാലാരിവട്ടം പാലങ്ങൾ പണിതും, മോശം ഭരണത്തിലൂടെ ജനജീവിതം ദുരിതത്തിലാക്കിയും കേരളത്തെ പുറകോട്ടടിച്ച ഉമ്മൻ‌ചാണ്ടി സർക്കാരിനോടുള്ള ജനങ്ങളുടെ വെറുപ്പാണ് ഇടതുപക്ഷ സർക്കാരിനെ 2016ൽ അധികാരത്തിൽ എത്തിച്ചത്. ജനങ്ങൾക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടനപത്രികയിലൂടെ നൽകിയ വാഗ്ദാനങ്ങളൊക്കെ, ഭരിച്ച അഞ്ച് വര്ഷം കൊണ്ട് പാലിച്ചു എന്ന ഉറപ്പോടെയാണ്, ഇടതുപക്ഷം തുടർഭരണത്തിനായി ഈ നിയമസഭതെരഞ്ഞെടുപ്പിനെ നേരിടുന്നത്. കിഫ്‌ബിയിലൂടെ വികസനത്തിന് പണം കണ്ടെത്തിയതും, നൂറുകണക്കിന് വികസനപദ്ധതികൾ അതിലൂടെ നടപ്പിലാക്കിയതും ഈ സർക്കാരിന്റെ നേട്ടങ്ങളാണ്. അതിന്റെയൊക്കെ അംഗീകാരമാണ് തദ്ദേശ തെരെഞ്ഞെടുപ്പിൽ ജനങ്ങൾ ഇടതുമുന്നണിയ്ക്ക് നൽകിയത്. ജനങ്ങൾക്കായി ചെയ്ത നല്ല ഭരണത്തിന്റെയും, വികസനപ്രവർത്തനങ്ങളുടെയും ചിറകിലേറി ഇടതുമുന്നണി സർക്കാർ ഭരണത്തുടർച്ച നേടും എന്ന കാര്യം ഉറപ്പാണ് എന്ന് അദ്ദേഹം ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഓൺലൈൻ കൺവെൻഷനിൽ കിഴക്കൻ പ്രവിശ്യയിലെ വിവിധ സ്ഥലങ്ങളിലുള്ള എൽ ഡി എഫ് നേതാക്കളും, അനുഭാവികളും പങ്കെടുത്തു. ഇ.എം കബീർ തെരഞ്ഞെടുപ്പ് അധ്യക്ഷത വഹിച്ചു. ലോകകേരളസഭ അംഗം ആൽബിൻ ജോസഫ് പ്രവാസി ക്ഷേമത്തിനായി സർക്കാർ ഇതുവരെ നടപ്പാക്കിയ വിവിധ പദ്ധതികളെക്കുറിച്ചു വിവരിച്ചു. ബെൻസിമോഹൻ സ്വാഗതവും, റഷീദ് കോട്ടപ്പുറം നന്ദിയും പറഞ്ഞു.

കൺവെൻഷന് കിഴക്കൻ പ്രവിശ്യയിലെ എൽ ഡി എഫ് നേതാക്കളായ പവനൻ മൂലയ്ക്കൽ, മുഹമ്മദ് നെയിം, സൈനുദ്ധീൻ കൊടുങ്ങല്ലൂർ, സാജൻ കണിയാപുരം, ഷാജി മതിലകം, ഹനീഫ അറബി, മുഫീദ് കുരിയാടൻ, അഷറഫ് കൊടുങ്ങല്ലൂർ എന്നിവർ നേതൃത്വം നൽകി.

Most Popular

error: