ഹജ്ജ് ഉംറ മേഖലയിൽ രാജാവിന്റെ ആശ്വാസ പദ്ധതികൾ; വിദേശികളുടെ ആറ് മാസത്തെ ഫീസുകളിൽ ഇളവ്

0
553

റിയാദ്: ഹജ്ജ്, ഉംറ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ആറുമാസത്തേക്ക് ഫീസ് നൽകുന്നത് ഒഴിവാക്കാൻ സൽമാൻ രാജാവ് അനുമതി നൽകി. ഇതോടൊപ്പം മറ്റു ചില ഏതാനും ആശ്വാസ പദ്ധതികൾ കൂടി സൽമാൻ രാജാവ് അനുമതി നൽകിയിട്ടുണ്ട്. കൊവിഡ് വൈറസ് വ്യാപനം മൂലം ഹജ്ജ് ഉംറ മേഖലയിലെ സ്വകാര്യ മേഖല, വ്യക്തികൾ, നിക്ഷേപകർ എന്നിവർക്കുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമെന്നോണമാണ് സൽമാൻ രാജാവിന്റെ പ്രഖ്യാപനം.

ഈ മേഖലയിലെ വിദേശികളുടെ മുഴുവൻ ഫീസുകളും ആറു മാസത്തേക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കുള്ള റെസിഡൻസി പെർമിറ്റ് (ഇകാമ) പുതുക്കുന്നതിനുള്ള ഫീസ് ആറുമാസത്തേക്ക് മാറ്റിവക്കുമെങ്കിലും ഒരു വർഷത്തിനുള്ളിൽ തുക തവണകളായി അടയ്ക്കണം എന്ന വ്യവസ്ഥയോടെയാണിത്. കൂടാതെ മക്ക, മദീന നഗരങ്ങളിൽ ഒരു വർഷത്തേക്ക് താമസ സൗകര്യങ്ങൾക്കായി മുനിസിപ്പൽ വാണിജ്യ പ്രവർത്തന ലൈസൻസുകളുടെ വാർഷിക ഫീസ് ഒഴിവാക്കും. മക്കയിലെയും മദീനയിലെയും താമസ സൗകര്യങ്ങൾക്കായി ഒരു വർഷത്തേക്ക് സൗജന്യമായി ടൂറിസം മന്ത്രാലയം ലൈസൻസ് പുതുക്കൽ, സ്ഥാപനങ്ങൾ നടത്തുന്ന ബസുകളുടെ ലൈസൻസുകളുടെ (ഇസ്തിമാറ) സാധുത ഒരു വർഷത്തേക്ക് യാതൊരു നിരക്കും കൂടാതെ തീർഥാടകരെ എത്തിക്കുന്നതിന് നീട്ടി നൽകൽ, 2021 ലെ ഹജ്ജ് സീസണിൽ പുതിയ ബസുകൾക്കുള്ള കസ്റ്റംസ് തീരുവ മൂന്നുമാസത്തേക്ക് മാറ്റിവയ്ക്കുകയും നിശ്ചിത തീയതി മുതൽ ആരംഭിച്ച് നാല് മാസ കാലയളവിൽ തവണകളായി അടക്കാനുള്ള സൗകര്യം തുടങ്ങിയവയാണ് രാജാവ് പ്രഖ്യാപിച്ച ഇളവുകൾ.

വൈറസ് മഹാമാരി പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനും വ്യക്തികൾക്കും സ്വകാര്യമേഖലയ്ക്കും നിക്ഷേപകർക്കും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും ലക്ഷ്യമിട്ട് 150 ബില്യൺ സഊദി റിയാൽ വകയിരുത്തി 150 ലധികം സംരംഭങ്ങൾ സഊദി സർക്കാർ ആരംഭിച്ചു എന്നതും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here