Saturday, 27 July - 2024

സഊദിയിൽ പുതിയ തൊഴിൽ സംവിധാനം ഞായറാഴ്ച നിലവിൽ വരും; സംശയങ്ങൾക്ക് മന്ത്രാലയത്തിന്റെ മറുപടി

റിയാദ്: സഊദിയിൽ പരിഷ്കരിച്ച സ്പോൺസർഷിപ്പ് സമ്പ്രദായം ഞായറാഴ്ച പ്രാബല്യത്തിൽ വരും. മുക്കാൽ നൂറ്റാണ്ടായി നില നിന്നിരുന്ന സ്പോൺസർഷിപ്പ് സമ്പ്രദായം മാറുമ്പോൾ ഏത് വിധത്തിലായിരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. സഊദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാർ മൂലമാണ് ഇനി മുന്നോട്ട് പോകുക. ഇത് പ്രാബല്യത്തിൽ വരുമ്പോൾ ഉണ്ടാകാവുന്ന സംശയങ്ങൾക്ക് മന്ത്രാലയം പ്രതികരിച്ചു. നിരവധിയാളുകൾ സംശയങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. തൊഴിലാളിയും തെഴിലുടമയുമയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്ന കരാർ പ്രകാരമുള്ള സംവിധാനം മാർച്ച്‌ 14 നാണ് പ്രാബല്യത്തിൽ വരുന്നത്.

രാജ്യത്തെ സ്വകാര്യ മേഖലയിലെ മുഴുവൻ തൊഴിലാളികളുമാണ് ഇതിൽ ഉൾപ്പെടുന്നത്. അബ്ഷിർ, ഖിവ ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ് നടപ്പിൽ വരുത്തുന്നത്. തൊഴിൽ തർക്കങ്ങൾ കുറയ്ക്കുക, മാനുഷിക മൂലധനം ശാക്തീകരിക്കുക, കഴിവുകൾ ആകർഷിക്കുക, ആഗോള തൊഴിൽ വിപണികളുമായി സഊദി തൊഴിൽ വിപണിയുടെ മത്സരശേഷി വർദ്ധിപ്പിക്കുക, അന്താരാഷ്ട്ര മത്സരാധിഷ്ഠിത സൂചകങ്ങളിൽ തൊഴിൽ വിപണി ഉയർത്തുക എന്നിവ ലക്ഷ്യമിട്ടാണ് സമൂലമായ മാറ്റം.

കരാർ തീരുന്ന മുറക്ക് തൊഴിലുടമയുടെ അംഗീകാരത്തിന്റെ ആവശ്യമില്ലാതെ തൊഴിലുടമയ്ക്ക് തൊഴിൽ മാറാൻ, തൊഴിലാളിയുടെ തന്നെ എക്സിറ്റ് പോകാനും അർഹതയുണ്ടാകും. ഇതെല്ലാം അബ്ഷിർ വഴിയായിരിക്കും നടക്കുക. തൊഴിൽ മാറുന്നതിന്, തൊഴിൽ സമ്പ്രദായത്തിന് വിധേയമായി പ്രൊഫഷണൽ തൊഴിലിനുള്ളിലായിരിക്കണമെന്നും കൂടാതെ തൊഴിലുടമയ്‌ക്കൊപ്പം 12 മാസം ചെലവഴിക്കണമെന്നും തൊഴിൽ കരാർ ഉണ്ടായിരിക്കണമെന്നുമാണ് നിബന്ധനകൾ.

തൊഴിൽ കരാർ കാലാവധി കഴിയും മുമ്പ് മറ്റൊരു തൊഴിലിലേക്ക് മാറുവാനും സാധിക്കും. എന്നാൽ, കരാറിൽ നിഷ്കർഷിച്ചിട്ടുള്ള കഷ്ട നഷ്ടതകൾക്ക് സ്വയം വഹിച്ച് കരാർ നടപടികൾ പാലിച്ച് മാറാവുന്നതാണ്. ഇതിനായി 90 ദിവസത്തെ കാലാവധിയിൽ സ്പോൺസർക്ക് അറിയിപ്പ് നൽകുകയും വേണം.
അതേസമയം, പുതിയ വിസയിൽ വരുന്നവർക്ക് ഒരു വർഷത്തിനുള്ളിൽ മറ്റൊരു തൊഴിലിനായി മാറാൻ സാധിക്കില്ല. എന്നാൽ, ചില സന്ദർഭങ്ങളിൽ മന്ത്രാലയത്തിന് കാരണം ബോധിപ്പിച്ച ശേഷം അനുമതി വാങ്ങി മാറാവുന്നതാണ്. എന്നാൽ, തൊഴിൽ മാറുന്ന പുതിയ സ്പോൺസർ ഖിവ പോർട്ടലിൽ തൊഴിൽ രജിസ്റ്റർ ചെയ്യുകയും മറ്റു നടപടികൾ പൂർത്തീകരിക്കുകയും വേണം.

Most Popular

error: