സഊദിയിലെത്തി ഒരാഴ്ചയായിട്ടും അബ്ദുറഹീമിനെ കാണാൻ കഴിയാതെ ഉമ്മ, ജയിൽ സന്ദർശനത്തിലെ അഭ്യൂഹതകൾ ഒഴിവാക്കണമെന്ന് സിദ്ധീഖ് തുവ്വൂർ

0
2316

ഉമ്മയുടെ സന്ദർശനത്തെ കുറിച്ച് ഞങ്ങൾക്ക് ഒന്നും അറിയില്ലെന്നും മീഡിയ വഴിയാണ് വിവരങ്ങൾ അറിഞ്ഞതെന്നും പവർ ഓഫ് അറ്റോർണി കൂടിയായ സിദ്ധീഖ്, സോഷ്യൽ മീഡിയകളിൽ വരുന്ന വ്യാജവാർത്തകളടങ്ങുന്ന പോസ്റ്റുകൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുകയും അത് പ്രചരിപ്പിക്കുന്നതിനെതിരെ അബ്ദുൽ റഹീമിന് മുന്നറിയിപ്പ്

റിയാദ്: സഊദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ഉമ്മയും സഹോദരനും റിയാദിൽ എത്തിnഒരാഴ്ചയായിട്ടും ജയിലിലെത്തി മകനെ കാണാൻ കഴിഞ്ഞില്ല. ഇക്കഴിഞ്ഞ ഒക്ടോബർ മുപ്പതിനാണ് ഇവർ സഊദിയിൽ എത്തിയത്. എന്നാuaൽ, ഇന്ന് വരെ ഇവർ അബ്ദുറഹീമിനെ ജയിലിലെത്തി അബ്ദുറഹീമിനെ കാണാൻ കഴിഞ്ഞിട്ടില്ല.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സഊദിയിൽ എത്തിയ ഉടൻ ഇവർ മകനെ കാണുമെന്നു ശേഷം ഉംറയും നിർവ്വഹിച്ച് സ്വദേശത്തേക്ക് മടങ്ങുമെന്നുമായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഒരാഴ്ച പിന്നിടുമ്പോഴും ഇവർ ജയിലിൽ എത്തി മകനെ കാണാൻ കഴിയാത്തതിൽ പലരും സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇതിനിടെ കേസിൽ സജീവമായി ഇടപെട്ട പവർ അറ്റോർണി കൂടിയായ സിദ്ധീഖ്‌ തുവ്വൂർ സോഷ്യൽ മീഡിയയിൽ വിശദീകരണവും നൽകി.

അതേസമയം, ഉമ്മയെ സഊദിയിൽ എത്തിച്ചത് റഹീം നിയമ സഹായ സമിതിയുടെ നേതൃത്വത്തിൽ അല്ലെന്നതാണ് ഏറെ ശ്രദ്ധേയം. ഇക്കാര്യവും സിദ്ധീഖ് വെളിപ്പെടുത്തുന്നുണ്ട്. അബ്ദുൽ റഹീമിൻ്റെ ഉമ്മയെ കുറിച്ച് മീഡിയയിൽ നിന്നുൾപ്പെടെ പലരും അന്വേഷിക്കുന്നുണ്ടെന്നും  മീഡിയകൾ വഴിയാണ് അവർ സഊദിയിലെത്തിയെന്ന വിവരം ഞങ്ങളുമറിഞ്ഞതെന്നും സിദ്ധീഖ് വെളിപ്പെടുത്തി.  ഉമ്മ ആരുടെ കൂടെയാണെന്ന് അബ്ദുൽ റഹീമിനും വിവരം ലഭിച്ചിട്ടില്ലെന്ന് ജയിലിൽ നിന്ന് വിളിച്ചപ്പോൾ പറഞ്ഞതായും സിദ്ധീഖ് പറഞ്ഞു. അവരുടെ ഉദ്ദേശമെന്തെന്നറിയാത്തത് കൊണ്ട് അവരെ അന്വേഷിച്ച് പോയി അതിലൊന്നും ഇടപെടുന്നുമില്ല. ജയിൽ സന്ദർശനമാണുദ്ദേശമെങ്കിൽ റിയാദിൽ വന്ന അടുത്ത ദിവസം തന്നെ ജയിലിൽ സന്ദർശിക്കാമായിരുന്നു. അതിനുള്ള സഹായവും ചെയ്യാൻ ഒരുക്കമായിരുന്നുവെന്നും സിദ്ധീഖ്‌ പറഞ്ഞു. സിദ്ധീഖിന്റെ വാക്കുകൾ വിശദമായി 👇

ജയിൽ സന്ദർശനം, അഭ്യൂഹതകൾ ഒഴിവാക്കുക.

പ്രിയ സഹോദരങ്ങളെ,
السلام عليكم.
18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ ഉമ്മയെ ജയിലിൽ വെച്ച് മകനെ കാണുന്നതിനായി റിയാദിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ച് മുമ്പ് തന്നെ പല തവണ റിയാദ് നിയമ സഹായ സമിതി ചർച്ച ചെയ്തിരുന്നു. വധ ശിക്ഷ റദ്ദാക്കിയ ശേഷവും ഉമ്മയെ കൊണ്ട് വന്ന് അബ്ദുൽ റഹീമിനെ കാണിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ജയിലിൽ വെച്ച് ഉമ്മയെ കാണേണ്ടെന്ന് അബ്ദുൽ റഹീം പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് ആ തീരുമാനം മാറ്റിയത്. എതിർ കക്ഷി ആവശ്യപ്പെട്ട 15 മില്യൺ സൗദി റിയാൽ നൽകി ജൂലൈ 2 ന് വധ ശിക്ഷ റദ്ദാക്കിയ വിധി പ്രഖ്യാപിച്ചു, പബ്ലിക് റൈറ്റ്സിൻ്റെ വിധിയും മോചന ഉത്തരവും മാത്രമാണ് ഇനി ബാക്കിയുള്ളത്. കോടതിയിൽ നിന്നുള്ള ചില സാങ്കേതിക കാരണത്താൽ കഴിഞ്ഞ സിറ്റിങ്ങിൽ അത് നടന്നില്ലെങ്കിലും അധികം വൈകാതെ അടുത്ത തിയ്യതി ലഭിച്ചു, വൈകാതെ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്ന അറിയിപ്പും ലഭിച്ചു. ഈ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ജയിലിൽ വെച്ച് അബ്ദുൽ റഹീമിന് എമ്പസി ഉദ്യോഗസ്ഥൻ മുഖേന കൈമാറിയിട്ടുണ്ട്. അദ്ദേഹത്തിനതെല്ലാം ബോധ്യപ്പെടുകയും, കുടുംബത്തെ അറിയിക്കുകയും ചെയ്തതാണ്. ഇന്ത്യൻ എമ്പസി അയച്ച പല രേഖകളും മുമ്പ് അബ്ദുൽ റഹീമിൻ്റെ കുടുംബത്തിൽ നിന്ന് തന്നെ പുറത്ത് പോകുകയും എമ്പസിയിൽ നിന്നയച്ച രേഖകൾ ഉൾപ്പെടെ Fake ആണെന്നെഴുതി സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിച്ചത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയും അതിന് മുന്നറിയിപ്പ് നൽകിയതുമാണ്. അബ്ദുൽ റഹീമും കേസുമായി ബന്ധപ്പെട്ട രേഖകൾ ഇപ്പോൾ ആർക്കും കൈമാറരുതെന്ന് പറയുകയും ചെയ്തു. മോചനത്തിന് ശേഷം ആ രേഖകൾ ആർക്ക് വേണമെങ്കിലും അബ്ദുൽ റഹീമിൻ്റെ അനുവാദത്തോടെ പരിശോധിക്കാം.

സൗദിയിലെത്തിയ അബ്ദുൽ റഹീമിൻ്റെ ഉമ്മയെ കുറിച്ച് മീഡിയയിൽ നിന്നുൾപ്പെടെ പലരും അന്വേഷിക്കുന്നുണ്ട്.
നിങ്ങളെ പോലെ തന്നെ മറ്റു മീഡിയകൾ വഴിയാണ് അവർ സൗദിയിലെത്തിയെന്ന വിവരം ഞങ്ങളുമറിഞ്ഞത്. ഉമ്മ ആരുടെ കൂടെയാണെന്ന് അബ്ദുൽ റഹീമിനും വിവരം ലഭിച്ചിട്ടില്ലെന്ന് ജയിലിൽ നിന്ന് വിളിച്ചപ്പോൾ പറഞ്ഞു. അവരുടെ ഉദ്ദേശമെന്തെന്നറിയാത്തത് കൊണ്ട് അവരെ അന്വേഷിച്ച് പോയി അതിലൊന്നും ഇടപെടുന്നുമില്ല. ജയിൽ സന്ദർശനമാണുദ്ദേശമെങ്കിൽ റിയാദിൽ വന്ന അടുത്ത ദിവസം തന്നെ ജയിലിൽ സന്ദർശിക്കാമായിരുന്നു. അതിനുള്ള സഹായവും ചെയ്യാൻ ഒരുക്കമായിരുന്നു.

ജയിൽ മോചനം വരെ കൂടെയുണ്ടാവണമെന്ന് അബ്ദുൽ റഹീം ഞങ്ങളോട് ആവശ്യപ്പെട്ടതിനാൽ അതിൻ്റെ പ്രവർത്തനങ്ങളുമായി നിയമ സഹായ സമിതിയുടെയും, ഇന്ത്യൻ എമ്പസിയുടെയും സഹകരണത്തോടെ മുന്നോട്ട് പോകുന്നു. വധശിക്ഷ റദ്ദാക്കി ഒന്നര വർഷം കഴിഞ്ഞ ശേഷമാണ് ഇത്തരം ഒരു കേസിൽ പെട്ട മറ്റൊരാൾ നാടണഞ്ഞതെന്നും അതിനേക്കാൾ വേഗത്തിൽ ഈ കേസ് നടപടികൾ മുന്നോട്ട് കൊണ്ട് പോകുന്നതിന് നിയമ സഹായ സമിതിക്കും , ഇന്ത്യൻ എമ്പസി ഉദ്യോഗസ്ഥർക്കും നന്ദിയുണ്ടെന്നും അബ്ദുൽ റഹീം പറഞ്ഞു. ഓരോ പ്രദേശത്തെയും കേസുകളുടെ എണ്ണവും, സ്വഭാവവുമനുസരിച്ച് കോടതിയുടെ അപ്പോയിൻ്റ്മെൻ്റിന് ദൈർഘ്യം വ്യത്യാസമുണ്ടാകും. അതിലൊന്നും ഒരു അസ്വാഭാവികതയുമില്ലെന്നും വിവിധ ഓഫീസുകളിൽ സന്ദർശിച്ചതിൻ്റെ രേഖകളടക്കം ഞങ്ങളുടെ കയ്യിലുണ്ടെന്നും ഓർമ്മിപ്പിക്കുന്നു.

ജയിൽ സന്ദർശനത്തിനുള്ള നടപടികൾ:

സൗദി ജയിലിൽ കഴിയുന്ന സ്വദേശികളുടെയും, വിദേശികളുടെയും അടുത്ത ബന്ധുക്കൾക്ക് സന്ദർശനത്തിനുള്ള നടപടികൾ വളരെ ലളിതമാണ്. ബന്ധുക്കൾക്ക് സന്ദർശനത്തിന് അനുമതി ലഭിക്കുന്നില്ല എന്ന രീതിയിൽ ഈ നാടിൻ്റെ നിയമത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ കുപ്രചരണങ്ങൾ ശ്രദ്ധയിൽ പെട്ടതിനാലും, അബ്ദുൽ റഫീമിൻ്റെ ഉമ്മയെ കുറിച്ച് അന്വേഷിക്കുന്നത് കൊണ്ടുമാണ് ഈ കുറിപ്പെഴുതുന്നത്.

ജയിലിൽ കഴിയുന്ന ബന്ധുക്കളെ കാണാൻ സൗദി ഇഖാമയിലുള്ള ആശ്രിതരാണെങ്കിൽ അബ്ശിർ വഴി അപേക്ഷ നൽകാം. അബ്ശിർ പോർട്ടലിൽ ആശ്രിതരുടെയോ, അടുത്ത ബന്ധുക്കളുടെയോ പേരില്ലെങ്കിൽ ജയിലിൽ ബന്ധപ്പെട്ട ഓഫീസിൽ ആവശ്യമായ രേഖകൾ സമർപ്പിച്ച് കഴിഞ്ഞാൽ അബ്ശിറിൽ ചേർക്കുകയും അപ്പോയിൻ്റ്മെൻ്റെടുത്ത് ജയിലിലുള്ള ബന്ധുവിനെ കാണുകയും ചെയ്യാം.
വിസിറ്റ് വിസയിലുള്ളവരാണെങ്കിൽ ബന്ധം തെളിയിക്കുന്ന രേഖകൾ (ജയിലിലുള്ള ആളുടെയും, ബന്ധുവിൻ്റെയും പാസ്സ്പോർട്ടിൻ്റെ ആദ്യ പേജ്, അവസാന പേജ്, ബോർഡർ നമ്പർ അടങ്ങിയ വിസ കോപ്പി) എന്നിവ ജയിൽ ഓഫീസിൽ നൽകിയാൽ അന്നോ, അതിൻ്റെ തൊട്ടടുത്ത ദിവസമോ കാണാൻ അനുമതി ലഭിക്കും.

ഒരു രോഗിയുടെതുൾപ്പെടെ കഴിഞ്ഞ ദിവസം ചില കുടുംബങ്ങൾക്ക് കാണാനുള്ള സൗകര്യം ഏർപ്പാട് ചെയ്യുകയും, അവർ ജയിലിൽ സന്ദർശിക്കുകയും ചെയ്തു. ഇത്തരം സംവിധാനമുള്ളത് നേരത്തെ ഞാൻ ഫെയ്സ് ബുക്ക് വഴി പങ്കുവെച്ചിരുന്നു. ആ സന്ദേശം പലരും ഉപയോഗപ്പെടുത്തുകയും ചെയ്തു. പലപ്പോഴും ജയിലിലുള്ളവരുടെ ബന്ധുക്കൾക്ക് ഞങ്ങൾ ഈ സംവിധാനത്തെ കുറിച്ച് വിവരം നൽകി കാണാനുള്ള അവസരം ചെയ്തു കൊടുക്കാറാണ് പതിവ്.

നെഗറ്റീവ് പ്രചരിപ്പിച്ച് ലൈകും, കമ്മൻറും നേടാൻ ശ്രമിക്കുന്നവരോട് സോഷ്യൽ മീഡിയ വഴി കുപ്രചരണങ്ങൾ ഒഴിവാക്കണമെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു. സോഷ്യൽ മീഡിയകളിൽ വരുന്ന വ്യാജവാർത്തകളടങ്ങുന്ന പോസ്റ്റുകൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുകയും അത് പ്രചരിപ്പിക്കുന്നതിനെതിരെ അബ്ദുൽ റഹീമിന് മുന്നറിയിപ്പ് നൽകിയതുമാണ്. മോചനത്തിനായി നിയമ സഹായ സമിതിയും, ഇന്ത്യൻ എമ്പസി ഉദ്യോഗസ്ഥരും ആത്മാർത്ഥമായി അബ്ദുൽ റഹീമിനോടൊപ്പമുണ്ട്. ഉമ്മയെയും, സഹോദരങ്ങളെയും കേസിൻ്റെ വിവരങ്ങൾ ഞങ്ങൾ നേരിട്ടും കുടുംബാംഗങ്ങൾ വഴിയും, അബ്ദുൽ റഹീമും ബോധ്യപ്പെടുത്തിയിരുന്നു. 17 വർഷത്തിലധികമായി ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ എമ്പസി ഉദ്യോഗസ്ഥൻ യൂസുഫ്ക്ക, അശ്റഫ് സാഹിബ് വെങ്ങാട്, സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളും , സാധാരണക്കാരുൾപ്പെടെയുള്ള മലയാളി സമൂഹവും ഒന്നിച്ച ഈ ദൗത്യം വിരലിലെണ്ണാവുന്ന ചില വ്യക്തികൾ ചേർന്നാൽ പരാജയപ്പെടുത്താനാവില്ല. സത്യം മനസ്സിലാക്കി കൂടെ നിൽക്കുന്നവർക്ക് നന്ദി. അബ്ദുൽ റഹീമിൻ്റെ മോചനം എത്രയും വേഗം സാധ്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സ്നേഹപൂർവ്വം,
സിദ്ദീഖ് തുവ്വൂർ

അതേസമയം, അബ്ദുൽ റഹീമിന്റെ മോചനഹരജി നവംബർ 17ന് കോടതി വീണ്ടും പരിഗണിക്കും. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുന്നത്. നവംബർ 21ന് കേസ് പരിഗണിക്കുമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും റഹീമിന്റെ അഭിഭാഷകരുടെ അപേക്ഷപ്രകാരം 17- ലേക്ക് മാറ്റുകയായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക