ഒടുവിൽ പറന്നിറങ്ങി, ആശങ്കക്ക് വിരാമം: രണ്ട് മണിക്കൂര്‍ വട്ടമിട്ട് പറന്ന എയർഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി

0
2570

ട്രിച്ചി: ആശങ്കകള്‍ക്ക് വിരാമമിട്ട് എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി താഴെയിറക്കി. 141 യാത്രക്കാരുമായി കഴിഞ്ഞ രണ്ട് മണിക്കൂറായി ആകാശത്ത് വട്ടമിട്ട് പറന്നതിന് ശേഷമാണ് വിമാനം താഴെയിറക്കിയത്. വിമാനത്തിനുള്ളിലെ 141 യാത്രക്കാരും സുരക്ഷിതരാണെന്ന വിവരമാണ് ഏറെ ആശ്വാസം നല്‍കി പുറത്തുവരുന്നത്.

തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ വന്‍ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. 20 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ വിമാനത്താവളത്തില്‍ ഒരുക്കി നിര്‍ത്തിയിരിക്കുകയാണ്. വൈകുന്നേരം 5.40ന് പുറപ്പെട്ട വിമാനം 8.20ന് ഷാര്‍ജയില്‍ എത്തേണ്ടതായിരുന്നു.

എന്നാല്‍ പറന്നുയര്‍ന്നതിന് ശേഷം വിമാനത്തിലെ സാങ്കേതിക തകരാറ് പൈലറ്റ് മനസ്സിലാക്കുകയായിരുന്നു. ഇതോടെയാണ് വിമാനം തിരിച്ചു പറന്നത്. രാത്രി 8.10ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ സേഫ് ലാന്‍ഡിംഗ് നടത്തുകയായിരുന്നു.