ബെയ്റൂത്ത്: ലബനാന് നേരെയുള്ള ഇസ്രായേലിന്റെ വ്യാപക വ്യോമാക്രമണങ്ങളില്‍ മരണ സംഖ്യ ഉയരുന്നു. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം കൊല്ലപ്പെട്ടവരുടെ എണ്ണം 492 ആയി. ഇതില്‍ 35 കുട്ടികളും ഉള്‍പ്പെടും. 1065 പേർക്കാണ് പരിക്കേറ്റത്.
അതേസമയം, ഹിസ്ബുല്ലയുടെ മുതിർന്ന കമാൻഡർ അലി കറാകിയെ വധിച്ചുവെന്ന ഇസ്രായേലി അവകാശവാദങ്ങൾ തെറ്റാണെന്ന് ഹിസ്ബുല്ല സ്ഥിരീകരിച്ചു.
” അലി കറാകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇസ്രായേലിന്റെ അവകാശവാദങ്ങൾ തെറ്റാണ്. കമാൻഡർ ജീവിച്ചിരിപ്പുണ്ട്, അദ്ദേഹത്തെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്”- ഹിസ്ബുല്ല വ്യക്തമാക്കി.
ഹിസ്ബുല്ല സൈനിക നേതൃത്വനിരയിലെ മൂന്നാമത്തെ വ്യക്തിയാണ് അലി കറാകി. ആദ്യ റാങ്കിലുള്ള ഫുആദ് ഷുക്കറിനേയും രണ്ടാമനായ ഇബ്രാഹിം ആഖിലിനേയും ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു. ഇപ്പോൾ അലി കറാകിയെയും കൊലപ്പെടുത്തിയെന്നായിരുന്നു ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നത്.
ഗസ്സയിലേതിനു സമാനമായി ലബനാനിലും സാധാരണക്കാർക്കു നേരെയാണ് ഇസ്രായേലിന്റെ ആക്രമണം. വീടുകൾക്കും ആരോഗ്യകേന്ദ്രങ്ങൾക്കും വ്യാപാര- താമസ കെട്ടിടങ്ങൾക്കും നേരെയാണ് ഇസ്രായേൽ സേന ആക്രമണം അഴിച്ചുവിടുന്നത്. പരിക്കേറ്റവരെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുന്ന ആബുലൻസുകളെ പോലും ഇസ്രായേൽ സൈന്യം വെറുതിവിടുന്നില്ലെന്നും ആക്രമണം ഭയന്ന് വാഹനങ്ങളിൽ കയറി രക്ഷപ്പെടുന്നവരെയും ആക്രമിക്കുകയാണെന്നും ആരോഗ്യമന്ത്രി ഫിറാസ് അബ്‌യാദ് പറഞ്ഞു.





