തൃശൂര്‍: തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപി എം ആര് അജിത് കുമാറിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. അജിത് കുമാറിന്റെ ഇടപെടലില്‍ ദുരൂഹമുണ്ടെന്ന് ജനയുഗത്തിന്റെ മുഖപ്രസംത്തില്‍ പറയുന്നു.
റിപ്പോര്‍ട്ട് അനിശ്ചിതമായി വൈകിയതില്‍ അസ്വാഭാവികതയുണ്ടെന്നും തൃശൂരിലുണ്ടായിട്ടും എഡിജിപി ഇടപെട്ടില്ലെന്നും ‘ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവച്ച അന്വേഷണ റിപ്പോര്‍ട്ട്’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
അന്വേഷണ റിപ്പോര്‍ട്ടിലേതെന്ന് പറയുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ എഡിജിപിയുടെ റിപ്പോര്‍ട്ട് വസ്തുതകളെ പൂര്‍ണമായി പുറത്തുകൊണ്ടുവരാന്‍ വിസമ്മതിക്കുന്നതായി വേണം മനസിലാക്കാനെന്നും മുഖപ്രസംഗത്തില്‍ സൂചിപ്പിക്കുന്നു.
‘വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സമയബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരിക്കുന്നതിലും അന്വേഷണമേ ഉണ്ടായിട്ടില്ലെന്ന ആഖ്യാനം ചമയ്ക്കുന്നതിലും ബോധപൂര്‍വമായ ശ്രമം നടന്നിട്ടുണ്ടെന്ന സംശയം തികച്ചും സ്വാഭാവികമാണ്. സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിന്റെ മുഖ്യ ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥനുണ്ടായ ഈ കാലവിളംബം അസ്വാഭാവികവും ആസൂത്രിതവുമാണെന്ന സംശയം, മറിച്ചാണ് വസ്തുതയെന്ന് ബോധ്യപ്പെടും വരെ പ്രസക്തമാണ്.
അഭൂതപൂര്‍വമായ ഈ കാലതാമസത്തിന്റെ കാര്യകാരണങ്ങള്‍ സ്വാഭാവികമായും റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ ഉണ്ടാവുമെന്നേ ഇപ്പോള്‍ പ്രതീക്ഷിക്കാനാവൂ. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെപ്പറ്റി മാധ്യമങ്ങള്‍ ഇതിനകം പുറത്തുകൊണ്ടുവന്ന വിവരങ്ങള്‍ പൂരം അലങ്കോലപ്പെടുത്തിയവരെ വെള്ള പൂശാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന സംശയം ജനിപ്പിക്കുന്നു,’ മുഖപ്രസംഗത്തില്‍ പറയുന്നു.
പൂരം കലക്കലില്‍ അജിത് കുമാറിന് പങ്കുണ്ടെന്ന സംശയത്തിന് ശക്തിപകരുന്ന പല വസ്തുതകളും ലഭ്യമാണെന്നും ജനയുഗം പറയുന്നു. തൃശൂര്‍ പൂരം പോലെയുള്ള ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഉത്സവത്തിന്റെ ക്രമസമാധാന ചുമതല ജൂനിയറായിരുന്ന ഉദ്യോഗസ്ഥന് മാത്രമായിരുന്നുവെന്ന് കരുതാനാവില്ലെന്നും മുഖപ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. എഡിജിപിയടക്കം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യം പൂര ദിവസങ്ങളില്‍ തൃശൂരിലുണ്ടായിരുന്നുവെന്ന സാക്ഷ്യപ്പെടുത്തലുണ്ടെന്നും സിപിഐ ഉന്നയിക്കുന്നു.
‘പൂരത്തലേന്ന് ക്രമസമാധാന സുരക്ഷാ വിഷയങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എഡിജിപി, ഡിഐജി, കമ്മിഷണര്‍, എസിപിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ക്രമസമാധാന ചുമതലയുള്ള ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന നിലയിലും മുന്‍ മധ്യമേഖലാ ഐജി എന്ന നിലയിലുമുള്ള അനുഭവ സമ്പത്തിന്റെ അടിസ്ഥാനത്തിലും യോഗനടപടികള്‍ നിയന്ത്രിക്കുന്നതിലും നിര്‍ദേശങ്ങള്‍ നല്‍കുന്നതിലും അജിത്കുമാര്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നതായാണ് മനസിലാക്കുന്നത്.
പൂരം അലങ്കോലപ്പെട്ട സമയത്ത് എഡിജിപി നഗരത്തില്‍ തന്നെയുള്ള പൊലീസ് അക്കാദമയില്‍ തന്നെയുണ്ടായിരുന്നെങ്കിലും ഗുരുതരമായ സംഭവവികാസങ്ങളില്‍ ഇടപെട്ടിരുന്നില്ലെന്ന വസ്തുത ദുരൂഹമാണ്,’ മുഖപ്രസംഗത്തില്‍ വ്യക്തമാക്കി.
പൂരം അലങ്കോലപ്പെട്ടതിനെ തുടര്‍ന്ന് സ്ഥലത്തെത്താന്‍ ശ്രമിച്ച റവന്യൂമന്ത്രിയടക്കം ജനപ്രതിനിധികളുടെ യാത്ര തടസപ്പെട്ടപ്പോഴും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും സംഘ്പരിവാര്‍ നേതാക്കളും സേവാഭാരതിയുടെ ആംബുലന്‍സിലും മറ്റുമായി രംഗത്തെത്തി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നത് സംഭവം ആസൂത്രിത ഭാഗമാണെന്ന സംശയം ബലപ്പെടുത്തുന്നു. റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ വസ്തുതകള്‍ക്ക് വ്യക്തതയും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് സൂചിപ്പിച്ചാണ് ജനയുഗം മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.