പതറാത്ത പോരാട്ടം, മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടിട്ടും ധീരനായി നിന്നു, ഇസ്റാഈലിന്റെ പേടി സ്വപ്നം: ഇന്ന് കൊല്ലപ്പെട്ട ഇസ്മായിൽ ഹനിയ്യയെ പറ്റി

0
1425

“എന്റെ മക്കളുടെ രക്തം ഞങ്ങളുടെ ജനങ്ങളുടെ രക്തത്തേക്കാൾ പ്രിയപ്പെട്ടതല്ല. ഹമാസ് നേതാക്കളുടെ ബന്ധുക്കളെ ലക്ഷ്യമിടുന്നതിലൂടെ ഞങ്ങളുടെ നിശ്ചയദാർഢ്യം തകർക്കാമെന്നാണ് അധിനിവേശക്കാരുടെ വിശ്വാസം. അത് നടപ്പില്ല” -മൂന്നുമക്കളും നാല് പേരക്കുട്ടികളും കൊല്ലപ്പെട്ടിട്ടും ഒട്ടും കൂസാതെയായിരുന്നു പ്രതികരണം. അതാണ് ഇസ്മായിൽ ഹനിയ എന്ന ഹമാസിന്റെ രാഷ്ട്രീയകാര്യ തലവൻ. ‘നിങ്ങൾ ജീവിതത്തെ സ്നേഹിക്കുന്നപോലെ ഞങ്ങൾ മരണത്തെും സ്നേഹിക്കുന്നുവെന്ന’ ഹമാസിന്റെ വിഖ്യാതമായ തലവാചകം പിറന്ന ഈ മസ്തിഷ്‌ക്കം അത്രപെട്ടൊന്നൊന്നും തളർന്ന്പോവുന്നതായിരുന്നില്ല.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഗസ്സയിൽ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ, മക്കളും പേരക്കുട്ടികളും കൊല്ലപ്പെടുമ്പോൾ അയാൾ സങ്കടപ്പെടുകയല്ല, മറിച്ച് ഏതൊരു ഹമാസിനെയും പോലെ ധീരനായി ശത്രുവിനെതിരെ പോരാടാൻ കൂടുതൽ ഊർജ്ജം സ്വരൂപിക്കുകയായിരുന്നു.

ഗസ്സ സിറ്റിയിലെ, അൽ ഷാതി അഭയാർത്ഥി ക്യാംപിനു സമീപം, വാഹനത്തിൽ സഞ്ചരിക്കവെയാണ്, അദ്ദേഹത്തിന്റെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെടുന്നത്. ഇസ്മായിൽ ഹനിയയുടെ മൂന്ന് ആൺമക്കളായ ഹസെം, അമീർ, മുഹമ്മദ് എന്നിവരും, നാലുപേരക്കുട്ടികളുമാണ് കൊല്ലപ്പെട്ടത്. ”എന്റെ സഹോദരങ്ങളായ ഹസീം, അമീർ, മുഹമ്മദ്, അവരുടെ മക്കളുടെയും രക്തസാക്ഷിത്വം നൽകി ഞങ്ങളെ ആദരിച്ച ദൈവത്തിന് നന്ദി”. ഇതായിരുന്നു മരണവാർത്ത പുറം ലോകത്തെ അറിയിച്ചു മൂത്ത മകൻ അന്ന് ഫേസ്ബുക്കിൽ കുറിച്ചത്. ഗസ്സ സിറ്റിയിലെ ഹോം അഭയാർത്ഥി ക്യാമ്പായ ഷാതിയിൽ ഈദുൽ ഫിത്തർ അവധിക്കാലത്തിന്റെ ആദ്യ ദിവസം കുടുംബത്തെ സന്ദർശിക്കാൻ എത്തിയപ്പോഴാണ് ഇവർ ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ നവംബറിൽ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ ഗസ്സയിലെ ഹനിയയുടെ കുടുംബവീട് തകർന്നിരുന്നു.

പക്ഷെ, ഇറാനും ഹമാസിനും ഒരേസമയം നേരിടുന്ന തിരിച്ചടിയാണ് ഹനിയ്യയുടെ മരണം. 2017-മുതലാണ് ഹമാസിന്റെ നയതന്ത്രമുഖമായി ഇസ്മായിൽ ഹനിയ മാറുന്നത്. ഗാസ മുനമ്പിലെ യാത്ര നിയന്ത്രണത്തിൽനിന്ന് രക്ഷപ്പെട്ട് തുർക്കി വഴിയാണ് ഹനിയ ഖത്തറിൽ എത്തിയത്. ഇപ്പോഴും നടക്കുന്ന വെടിനിർത്തൽ ചർച്ചകളിൽ ഹമാസിന്റെ മുഖമാണ് ഹനിയ്യ. ഇറാൻ അടക്കമുള്ള രാജ്യങ്ങളുമായെല്ലാം ഹമാസിന്റെ കാര്യങ്ങൾ നിലവിൽ സംസാരിക്കുന്നത് ഹനിയ്യയാണ്.

അറബ് രാജ്യങ്ങൾ ഇതേവരെ ഒപ്പുവെച്ച ഒരു കരാറും ഫലസ്തീനിനും ഇസ്റാഈലിനും ഇടയിലെ സംഘർഷം അവസാനിപ്പിക്കില്ല എന്നായിരുന്നു ഒക്ടോബർ ഏഴിലെ ആക്രമണത്തിന് തൊട്ടുപിന്നാലെ ഹനിയ പ്രഖ്യാപിച്ചത്. അൽ ജസീറ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ പരാമർശം. ഹമാസ് നേതാവായ ഖാലിദ് മിഷേലിനൊപ്പമാണ് ഇസ്മായിൽ ഹനിയ ഗൾഫ് മേഖലയിൽ നയതന്ത്ര ചർച്ചകൾക്ക് നേതൃത്വം നൽകിയത്. ഇസ്രായിൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീനികളെ വിട്ടയക്കുന്നതിനും ഹമാസിനും ഗാസയ്ക്കും കൂടുതൽ സഹായം ലഭ്യമാക്കുന്നതിനും വേണ്ടി ഇവർ പ്രവർത്തിച്ചു.

ഇരുവരെയും ഹമാസിനെയും ഭീകര നേതാക്കളും സംഘടനയുമായാണ് ഇസ്റാഈൽ കണക്കാക്കുന്നത്. അതേസമയം, ഒക്ടോബർ ഏഴിലെ ആക്രമണത്തെ പറ്റി ഹനിയക്ക് അറിവില്ലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഗാസയിലെ ഹമാസ് മിലിട്ടറി കൗൺസിൽ തയ്യാറാക്കിയ പദ്ധതി, വളരെ സൂക്ഷ്മമായി സംരക്ഷിച്ച രഹസ്യമായിരുന്നു. അതിന്റെ സമയവും അളവും കണ്ട് ചില ഹമാസ് ഉദ്യോഗസ്ഥർ വരെ ഞെട്ടിപ്പോയി എന്നാണ് വാർത്തകളിലുള്ളത്. അതേസമയം, ഹമാസിന്റെ പോരാട്ട ശേഷി വളർത്തിയെടുക്കുന്നതിൽ സുന്നി മുസ്‌ലിമായ ഹനിയയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. ഹനിയ ഹമാസിന്റെ ഗാസയിലെ ഉന്നത നേതാവായിരുന്ന ദശകത്തിൽ, സംഘത്തിന്റെ സൈനിക വിഭാഗത്തിലേക്ക് മാനുഷിക സഹായം വഴിതിരിച്ചുവിടാൻ അദ്ദേഹത്തിന്റെ നേതൃത്വ സംഘം സഹായിച്ചതായി ഇസ്റാഈൽ ആരോപിക്കുന്നു.

1962-ലാണ് ഹനിയ ജനിച്ചത്. ഗാസ അഭയാർത്ഥി ക്യാമ്പായ അൽ-ഷാതിയിലായിരുന്നു ഹനിയയുടെ വീട്. ഈ വീട്ടിൽ നവംബർ പതിനാറിന് ഇസ്രായിൽ യുദ്ധവിമാനങ്ങൾ ബോംബിട്ടു. ഈ വീട് ഹമാസിന്റെ മുതിർന്ന നേതാക്കളുടെ മീറ്റിംഗ് പോയിന്റാണ് എന്നായിരുന്നു ഇസ്രായിൽ ആരോപണം. ഹമാസ് നേതാവായിരുന്ന അഹമ്മദ് യാസിന്റെ അടുത്ത അനുയായി പിന്നീട് ഹനിയ മാറി. ഇസ്റാഈൽ സൈന്യം ഗാസയിൽ നിന്ന് പിൻവാങ്ങിയതിന് ശേഷം 2006-ൽ ഫലസ്തീൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഹമാസ് വിജയിക്കുകയും ഇസ്മായിൽ ഹനിയ പ്രധാനമന്ത്രിയാകുകയും ചെയ്തു. 2007ൽ ഹമാസ് ഗാസയുടെ നിയന്ത്രണം ഏറ്റെടുത്തു. ഹമാസ് സായുധ പോരാട്ടം ഉപേക്ഷിച്ചോ എന്ന് റോയിട്ടേഴ്സ് റിപ്പോർട്ടർമാർ 2012-ൽ ചോദിച്ചപ്പോൾ, ‘തീർച്ചയായും ഇല്ല’ എന്ന് മറുപടി നൽകിയ ഹനിയ, എല്ലാ രൂപത്തിലും പോരാട്ടം തുടരുമെന്നായിരുന്നു പ്രഖ്യാപിച്ചത്.

മൂന്നു മക്കളെയും മൂന്നു പേരക്കുട്ടികളെയും ഇസ്റാഈൽ സൈന്യം കൊലപ്പെടുത്തിയപ്പോഴും പോരാട്ടം തുടരുമെന്ന പ്രഖ്യാപനം തന്നെയാണ് ഹനിയ്യ നടത്തിയത്. ഇന്ന് ടെഹ്റാനിൽ വെച്ച് മരിക്കുന്നതുവരെ ഫലസ്തീന് വേണ്ടിയുള്ള പോരാട്ടത്തിൽ തന്നെയായിരുന്നു ഇസ്മായിൽ ഹനിയ്യ.

ഇറാന്റെ പുതിയ പ്രസിഡന്റായി മസൂദ് പെസെഷ്കിയാൻ അധികാരമേൽക്കുന്ന ചടങ്ങിന് എത്തിയ ഹനിയ്യയെയും അംഗരക്ഷകനെയും അദ്ദേഹത്തിന്റെ വസതിയിലേക്ക് നടത്തിയ റോക്കറ്റാക്രമണത്തിൽ ഇസ്രായിൽ സൈന്യം വധിക്കുകയായിരുന്നു. ഹനിയ്യയുടെ മരണം ഇറാൻ സൈന്യമായ റെവല്യൂഷണറി ഗാർഡും ഹമാസും വെവ്വേറെ പ്രസ്താവനകളിൽ സ്ഥിരീകരിക്കുകയും ചെയ്തു.

“ഇന്ന് അതിരാവിലെ, ടെഹ്‌റാനിലെ ഇസ്മായിൽ ഹനിയയുടെ വസതിയിൽ ആക്രമണമുണ്ടായി, അദ്ദേഹത്തിൻ്റെയും അദ്ദേഹത്തിൻ്റെ ഒരു അംഗരക്ഷകൻ്റെയും രക്തസാക്ഷിത്വത്തിന് കാരണമായി. ആക്രമണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും റെവല്യൂഷണറി ഗാർഡ്സ് പുറപ്പെടുവിച്ച പ്രസ്താവന വ്യക്തമാക്കി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക