വാഷിംഗ്ടൺ: ഇറാൻ സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനായി ആ രാജ്യത്തെ പുതിയ ഭരണകൂടവുമായി അമേരിക്ക ഗൗരവമായ ചർച്ചകൾ നടത്തിവരികയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
എന്നാൽ ചർച്ചകൾ പരാജയപ്പെടുകയും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നുനൽകുകയും ചെയ്തില്ലെങ്കിൽ ഇറാന്റെ നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ കടുത്ത ആക്രമണം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ ഭീഷണി.
ചർച്ചകളിൽ പുരോഗതിയുണ്ടെന്നും ഉടമ്പടി ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ട്രംപ് പറയുന്നുണ്ടെങ്കിലും ഹോർമുസ് കടലിടുക്ക് ഉടനടി ബിസിനസിനായി തുറന്നു നൽകണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഇത് പാലിക്കാത്ത പക്ഷം ഇറാന്റെ വൈദ്യുതി നിലയങ്ങൾ, എണ്ണപ്പാടങ്ങൾ, ഖാർഗ് ഐലൻഡ് എന്നിവ പൂർണ്ണമായും തകർക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി.
ഇതുവരെ ലക്ഷ്യം വെക്കാത്ത ശുദ്ധജല വിതരണത്തിനുള്ള ഡീസലൈനേഷൻ പ്ലാന്റുകളും ആക്രമിക്കപ്പെട്ടേക്കാം. കഴിഞ്ഞ 47 വർഷമായി ഇറാൻ ഭരണകൂടം നടത്തിവരുന്ന ഭീകരതയ്ക്കിരയായ യു എസ് ഉദ്യോഗസ്ഥർക്കുള്ള പ്രതികാരമായിരിക്കും ഇതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാന്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ 10 ദിവസത്തേക്ക് നിർത്തിവെക്കുമെന്ന് കഴിഞ്ഞ ആഴ്ച ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ കാലാവധി ഏപ്രിൽ 6 ന് അവസാനിക്കും. ചർച്ചകൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുവെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾ നടത്തുന്ന കാര്യം ഇറാൻ നിഷേധിച്ചു. പാകിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടക്കുന്ന നീക്കങ്ങൾ മേഖലയിലെ യു എസ് സൈനിക വിന്യാസത്തിനുള്ള മറയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് കുറ്റപ്പെടുത്തി.
അതേസമയം, തിങ്കളാഴ്ച മുതൽ 20 എണ്ണക്കപ്പലുകൾ കടന്നുപോകാൻ ഇറാൻ അനുമതി നൽകിയത് ആദരസൂചകമായിട്ടാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. എന്നാൽ അമേരിക്കയുടെ നിർദ്ദേശങ്ങൾ അയഥാർത്ഥവും യുക്തിരഹിതവുമാണെന്ന് പറഞ്ഞ് തള്ളിയ ഇറാൻ, യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ മേഖലയിൽ പുതിയ ആക്രമണങ്ങൾ ആരംഭിച്ചിട്ടുണ്ട്.





