വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാമുകന്‍റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി യുവതി

0
2474

വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാമുകന്‍റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി യുവതി. ബിഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം. 25കാരിയായ വനിതാ ഡോക്ടറാണ് ക്രൂരകൃത്യം നടത്തിയത്.

പരിക്കേറ്റ യുവാവിനെ പട്‌ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ബിഹാറിലെ മഥൗര ബ്ലോക്കിലെ വാര്‍ഡ് കൗണ്‍സിലറായ യുവാവും ഡോക്ടറായ യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു.

വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോള്‍ യുവാവ് ആദ്യം സമ്മതിച്ചില്ല. പിന്നീട് രജിസ്റ്റര്‍ വിവാഹം കഴിക്കാന്‍ യുവതി യുവാവിനെ നിര്‍ബന്ധിച്ചു.  ഇതനുസരിച്ച് വിവാഹത്തിനായി യുവതി കോടതിയിൽ എത്തിയെങ്കിലും യുവാവ് എത്തിയിരുന്നില്ല. 

വിവാഹത്തില്‍ നിന്നും യുവാവ് പിന്മാറിയെന്നറിഞ്ഞത് തന്നെ പ്രകോപ്പിച്ചെന്നും ഇതാണ് കൃത്യത്തിലേക്ക് നയിച്ചതെന്നും യുവതി മൊഴി നല്‍കി. കോടതിയില്‍ നിന്നും തിരിച്ച് വീട്ടിലെത്തിയ യുവതി കാമുകനോട് കാണണമെന്നും വീട്ടിലേക്ക് വരണമെന്നും ആവശ്യപ്പെട്ടു.

തുടര്‍ന്ന് വീട്ടിലെത്തിയ യുവാവിനെ ആക്രമിക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയും ചെയ്തു. വീട്ടില്‍ നിന്നും യുവാവിന്‍റെ കരച്ചില്‍ കേട്ട അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് എത്തിയപ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന യുവാവിനെയാണ് കണ്ടത്.  ഉടന്‍തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.