കുതിച്ചുകയറി വിമാന ടിക്കറ്റ് നിരക്ക്; നാട്ടിൽ പെരുന്നാൾ ആഘോഷിക്കാൻ ഒരുങ്ങിയ പ്രവാസികൾക്ക് തിരിച്ചടി 

0
1442

അബുദാബി: പെരുന്നാൾ അവധി ആരംഭിക്കാനിരിക്കെ കുതിച്ചുകയറി വിമാന ടിക്കറ്റ് നിരക്ക്. കുടുംബത്തോടൊപ്പം നാട്ടിൽ പെരുന്നാൾ ആഘോഷിക്കാൻ ഒരുങ്ങിയ പ്രവാസികൾക്കാണ് തിരിച്ചടിയായത്. 

നാട്ടിൽ ഉറ്റവരോടൊത്ത് പെരുന്നാൾ കൂടാൻ ടിക്കറ്റ് എടുക്കുമ്പോൾ തന്നെ പോക്കറ്റ് കാലിയാകുമെന്ന് ചുരുക്കം. 2 ആഴ്ച മുൻപ് 15000 രൂപയ്ക്ക് ലഭിച്ചിരുന്ന വൺവേ ടിക്കറ്റിന്റെ നിരക്ക് ഇപ്പോൾ 35000 മുതൽ 1.5 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. ഇതനുസരിച്ച് നാലംഗ കുടുംബത്തിന് നാട്ടിലെത്താൻ മാത്രം ലക്ഷങ്ങൾ വേണ്ടിവരും. നേരിട്ടുള്ള  വിമാനങ്ങളിൽ പരിമിത സീറ്റ് മാത്രമേ ഈ നിരക്കിൽ ലഭിക്കൂ. യാത്ര കണക്‌ഷൻ വിമാനങ്ങളിലാക്കിയാലും രക്ഷയില്ല. കൂടിയ ടിക്കറ്റ് നിരക്ക് കൊടുക്കണമെന്നു മാത്രമല്ല പത്തും പതിനഞ്ചും മണിക്കൂർ യാത്ര ചെയ്തുവേണം ലക്ഷ്യത്തിലെത്താൻ. 

ഇന്ത്യൻ വിമാന കമ്പനികളായ എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗൊ, സ്പൈസ് ജെറ്റ്, വിസ്താര തുടങ്ങിയ എയർലൈനുകളിൽ 50,000 രൂപയ്ക്കകത്ത് വൺവേ ടിക്കറ്റ് ലഭിക്കും. എയർ ഇന്ത്യയ്ക്ക് പുറമെ എമിറേറ്റ്സ് എയർലൈൻ, ഇത്തിഹാദ് എയർവെയ്സ് എന്നിവയുടെ നിരക്ക് 60,000 രൂപയ്ക്ക് മുകളിലാണ്. ഇതിൽ ചില വിദേശ എയർലൈനുകൾ വൺവേയ്ക്ക് 1.5 ലക്ഷം രൂപ വരെ വൺവേ ടിക്കറ്റിന് ഈടാക്കുന്നു